Thursday, August 17, 2017 Last Updated 3 Min 39 Sec ago English Edition
Todays E paper
Thursday 10 Aug 2017 05.24 PM

ഖത്തർ വിമാനങ്ങൾക്കുള്ള വിലക്ക് തുടരുമെന്ന് സൗദി അറേബ്യ.

uploads/news/2017/08/135733/aeroplane.jpg

റിയാദ്: ഖത്തർ വിമാനങ്ങൾക്ക് സൗദി വ്യോമ മേഖലയിലുള്ള വിലക്ക് തുടരുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.
സൗദിയിലെ വിമാനത്താവളങ്ങളും സൗദി വ്യോമ മേഖലയും ഉപയോഗിക്കുന്നതിന് ഖത്തർ വിമാനങ്ങൾക്കുള്ള വിലക്ക് തുടരും. സമുദ്രത്തിനു മുകളിൽ ഖത്തറുമായി സൗദി അറേബ്യ വ്യോമാതിർത്തി പങ്കിടുന്നില്ല. ഖത്തറിനെതിരെ ബഹിഷ്‌കരണം പ്രഖ്യാപിച്ച മറ്റു രാജ്യങ്ങൾ പ്രതിസന്ധിയുടെ തുടക്കം മുതൽ ഖത്തർ വിമാനങ്ങൾക്ക് ഉപയോഗിക്കുന്നതിന് സമുദ്രത്തിനു മുകളിലുള്ള വ്യോമ മേഖലയിലൂടെ ബദൽ പാതകൾ നിശ്ചയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വ്യോമ പാതകളിലെ കടുത്ത തിരക്ക് കുറക്കുന്നതിന് അധിക പാതകൾ തുറക്കുന്നതിനും ഖത്തറിനെ ബഹിഷ്‌കരിക്കുന്ന മറ്റു രാജ്യങ്ങൾ തുടക്കം മുതൽ ശ്രമിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെയും ഖത്തറിനെ ബഹിഷ്‌കരിച്ച മറ്റു രാജ്യങ്ങളിലെയും വ്യോമ മേഖലകൾ ഖത്തർ വിമാനങ്ങൾ ഉപയോഗിച്ചുവെന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നും അതോറിറ്റി അറിയിച്ചു. സൈനിക മേഖലയായതിനാൽ ദക്ഷിണ സൗദി അതിർത്തിയിലൂടെ ഖത്തർ വിമാനങ്ങൾക്ക് കടന്നുപോകുന്നതിന് സാധിക്കില്ല. ഈ മേഖലയിലൂടെ വിമാനങ്ങൾ പറത്തുന്നതിന് സമ്പൂർണ വിലക്കുണ്ട്.

ഖത്തറിനെതിരെ ബഹിഷ്‌കരണം പ്രഖ്യാപിച്ച രാജ്യങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാൻ താൽപര്യം കാണിക്കുന്നതിനെ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ യോഗം പ്രശംസിച്ചിട്ടുണ്ട്. 'ഫ്‌ളൈറ്റ്‌റഡാർ 24' പോലുള്ള ചില സൈറ്റുകളുടെ ചിത്രങ്ങൾ കൃത്യമാകില്ല. മേഖലയിലെ റസീവറുകളുടെയും ട്രാൻസ്മിറ്ററുകളുടെയും ലഭ്യതയെയാണ് ഇത്തരം സൈറ്റുകൾ അവലംബിക്കുന്നത്. ഇത്തരം ഉപകരണങ്ങളുടെ അഭാവത്തിൽ ഏറ്റവും ഹ്രസ്വമായ റൂട്ടുകളാണ് സിസ്റ്റം കാണിക്കുകയെന്നും അതോറിറ്റി വ്യക്തമാക്കി.ഖത്തറിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമമേഖല തുറന്നുകൊടുത്തിട്ടില്ലെന്ന് യു.എ.ഇയും ബഹ്‌റൈനും വ്യക്തമാക്കി.

അന്താരാഷ്ട്ര ജലാതിർത്തിക്കു മുകളിലുള്ള, യു.എ.ഇ മേൽനോട്ടം വഹിക്കുന്ന വ്യോമമേഖല മാത്രമാണ് ഖത്തറിനെ ഉപയോഗിക്കുന്നതിന് അനുവദിച്ചിരിക്കുന്നതെന്ന് യു.എ.ഇ സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി സൈഫ് അൽസുവൈദി അറിയിച്ചു.

ഖത്തർ എയർവെയ്‌സ് വിമാനങ്ങൾക്കു തങ്ങളുടെ വ്യോമ മേഖല തുറന്നുകൊടുത്തുവെന്ന റിപ്പോർട്ടുകൾ ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അതോറിറ്റിയും നിഷേധിച്ചു. ബഹ്‌റൈൻ വ്യോമമേഖല ഖത്തർ വിമാനങ്ങൾക്കു മുന്നിൽ അടച്ചിട്ടിരിക്കുകയാണ്.

സമുദ്രത്തിനു മുകളിലുള്ള മുഴുവൻ വ്യോമപാതകളും ജൂൺ 11 മുതൽ തുറന്നിട്ടിട്ടുണ്ട്. ഇതിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. അന്താരാഷ്ട്ര ജലാതിർത്തിക്കു മുകളിൽ വ്യോമഗതാഗത സുരക്ഷ ഉറപ്പു വരുത്തുന്നതിന് ബഹ്‌റൈനിലെ സമുദ്രത്തിനു മുകളിൽ എമർജൻസി പാതകൾ അധികമായി നീക്കിവെക്കുക മാത്രമാണ് ചെയ്തത്.
തങ്ങളുടെ പരമാധികാരത്തിൽ പെട്ട വ്യോമമേഖലയിലൂടെ ഖത്തർ വിമാനങ്ങളെ കടന്നുപോകുന്നതിന് അനുവദിച്ചുവെന്ന് ഇത് ഒരിക്കലും അർഥമാക്കുന്നില്ലെന്നും അതോറിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.

ചെറിയാന്‍ കിടങ്ങന്നൂര്‍

Ads by Google
TRENDING NOW