Thursday, August 17, 2017 Last Updated 0 Min 28 Sec ago English Edition
Todays E paper
Wednesday 09 Aug 2017 04.29 PM

ഡിഫ്തീരിയ അപകടം ഒഴിവാക്കാം

uploads/news/2017/08/135378/difthrihelthnews.jpg

നമ്മുടെ നാട്ടില്‍ തൊണ്ടമുള്ള് എന്നറിയപ്പെടുന്ന രോഗമാണ് ഡിഫ്തിരിയ. ബാക്ടീരിയ അണുബാധമൂലം മൂക്കിലും തൊണ്ടയിലുമാണ് ഈ രോഗമുണ്ടാകുന്നത്്. മൂക്കിലും തൊണ്ടയിലുമുള്ള മ്യൂക്കസ് എന്ന ആവരണത്തെയാണ് രോഗം ബാധിക്കുക.

കൊറൈനെ ബാക്ടിരിയം ഡിഫ്തിരിയ എന്ന ബാക്ടിരിയയാണ് രോഗകാരണം. ഈ ബാക്ടിരിയ വിഷതുല്യമായ ടോക്‌സിന്‍ പുറപ്പെടുവിക്കുന്നതിലൂടെ തൊണ്ടയിലും മൂക്കിലുമുള്ള മ്യൂക്കസ് ആവരണത്തെ ഡിഫ്തിരിയ ബാധിക്കും.

അപകടകരമായ ടോക്‌സിനിലൂടെ ഒരു വെളുത്ത ആവരണം തൊണ്ടയിലും മൂക്കിലും ഉണ്ടാകും. മ്യൂക്കസ് ആവരണത്തിലുള്ള കോശങ്ങളെ ടോക്‌സിന്‍ നശിപ്പിക്കുകയും ചെയ്യും.

രോഗപ്രതിരോധശേഷി കുറവുള്ളവരില്‍ ഡിഫ്തിരിയ രോഗാണുക്കള്‍ വളരെ വേഗം ശരീരത്തില്‍ പ്രവേശിക്കാനിടയുണ്ട്. വാക്‌സിനേഷനിലൂടെ മാത്രമേ ഡിഫ്തിരിയ പ്രതിരോധിക്കാനാകൂ.

ഡിഫ്തിരിയ കുട്ടികളില്‍ മാത്രമല്ല


ഡിഫ്തിരിയ പൊതുവേ കുട്ടികളില്‍ കണ്ടുവരുന്നതാണെങ്കിലും, കുട്ടികളില്‍ മാത്രമല്ല മുതിര്‍ന്നവരിലും ഡിഫ്തിരിയ രോഗസാധ്യതയുണ്ട്. രോഗപ്രതിരോധത്തിനുള്ള വാക്‌സിനേഷന്‍ എടുക്കാത്ത കുട്ടികളിലും അതോടൊപ്പം മുതിര്‍ന്നവരിലും രോഗമുണ്ടാകാം.

ചെറുപ്പത്തില്‍ വാക്‌സിനേഷന്‍ എടുക്കാത്ത മുതിര്‍ന്നവര്‍ക്കും രോഗം പിടിപെടാനിടയുണ്ട്. ശുചിത്വക്കുറവുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്കും, ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിലും ഡിഫ്തിരിയ ഉണ്ടായേക്കാം. ഏത് പ്രായക്കാരെയും ബാധിക്കുന്ന ഒരു രോഗമാണ് ഡിഫ്തിരിയ.

രോഗപ്രതിരോധ ശേഷിയില്ലാത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ രോഗമുണ്ടാകാം. ശരീരത്തിലെ രോഗപ്രതിരോധ ശേഷി തനിയെ ഉണ്ടാകുന്ന ഒന്നല്ല. രോഗപ്രതിരോധ ശേഷി ലഭ്യമാക്കുന്ന കുത്തിവയ്പുകള്‍ എടുക്കേണ്ടതുണ്ട്.

എങ്കില്‍ മാത്രമേ ശരീരം രോഗങ്ങളോട് പ്രതിരോധിക്കുകയുള്ളൂ. കുഞ്ഞുങ്ങള്‍ക്ക് ഒന്നര വയസില്‍ കുത്തിവയ്പ് നല്‍കാറുള്ളത് രോഗപ്രതിരോധ ശേഷി നേടുന്നതിനു വേണ്ടിയാണ്. എങ്കിലും അപൂര്‍വ്വം ചിലരില്‍ കുത്തിവയ്പുകള്‍ നല്‍കിയാലും രോഗപ്രതിരോധ ശേഷി കുറവായിരിക്കും. അങ്ങനെയുള്ളവരിലും ഡിഫ്തിരിയ ഉണ്ടാകാം.

ലക്ഷണങ്ങള്‍


പനിയാണ് ഡിഫ്തിരിയയുടെ ലക്ഷണങ്ങളില്‍ പ്രധാനം. അതോടൊപ്പം ശരീരവേദന, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ് എന്നിവയും പ്രകടമാകും. കുട്ടികളില്‍ ഈ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ എത്രയും വേഗം ചികിത്സ ആരംഭിക്കേണ്ടതുണ്ട്. നവജാതശിശുക്കളുടെ പരിചരണത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുമുണ്ട്.

എങ്ങനെ പ്രതിരോധിക്കാം


പ്രതിരോധ കുത്തിവയ്പ്പുകള്‍ ശരിയായി നല്‍കുകയെന്നതാണ് ഡിഫ്തിരിയ തടയുന്നതിനുള്ള മാര്‍ഗം. കുട്ടികള്‍ക്ക് ഒന്നര മാസം, രണ്ടര, മൂന്നര എന്നീ മാസങ്ങളില്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന കുത്തിവയ്പുകള്‍ നല്‍കണം. കുത്തിവയ്പുകളിലൂടെ മാത്രമേ ഈ രോഗത്തെ തടയാനാകൂ.

കുത്തിവയ്പുകളുടെ തുടര്‍ച്ചയായി ഒന്നര വയസിലും നാലര വയസിലുമുള്ള കുത്തിവയ്പുകള്‍ കൃത്യമായി എടുത്തിരിക്കണം. പത്തു വയസിലും കുട്ടികള്‍ക്ക് പ്രതിരോധ വാക്‌സിനുകള്‍ നല്‍കുന്നുണ്ട്.

ഇവ നിര്‍ബന്ധമായും കുട്ടികള്‍ക്ക് നല്‍കണം. ഡിഫ്തിരിയ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഈ കുത്തിവയ്പുകള്‍ ഫലപ്രദമാണ്്. വാക്‌സിനേഷനുകള്‍ നല്‍കാതെ രോഗാണുക്കള്‍ കരുത്താര്‍ജിക്കുമ്പോഴാണ് ഇത്തരം രോഗങ്ങളുണ്ടാകുന്നത്.

ചികിത്സ


രോഗമുണ്ടെന്നു കണ്ടെത്തിക്കഴിഞ്ഞാല്‍ എത്രയും വേഗം രോഗിയെ ചികിത്സയ്ക്ക് വിധേയമാക്കണം. രോഗി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ രോഗാണുക്കള്‍ വായുവില്‍ കലരും.

രോഗികളുമായുള്ള നിരന്തര സമ്പര്‍ക്കത്തിലൂടെയോ, മൂക്ക് തുടയ്ക്കാന്‍ ഉപയോഗിച്ച തുണി എന്നിവയിലൂടെയും രോഗപ്രതിരോധ ശേഷി ഇല്ലാത്ത ഒരാള്‍ക്ക് രോഗമുണ്ടാക്കും.

അതുകൊണ്ട് വാക്‌സിനേഷന്‍ എടുക്കാത്തവരോ, രോഗപ്രതിരോധ ശേഷി കുറവുള്ളവരും, കുഞ്ഞുങ്ങളും പ്രത്യേകം ശ്രദ്ധിക്കണം. രോഗകാരണമായ ടോക്‌സിനെതിരെ പ്രവര്‍ത്തിക്കുന്ന ആന്റി ടോക്‌സിനുകള്‍ കുത്തിവയ്പിലൂടെ നല്‍കുകയാണ് ചികിത്സയില്‍ പ്രധാനം.

അതുകൂടാതെ രോഗാണുക്കളെ നശിപ്പിക്കാന്‍ ആന്റിബയോട്ടിക്‌സും നല്‍കാറുണ്ട്. രോഗകാരണമായ ടോക്‌സിന്റെ അനന്തരഫലമായി ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും, കിഡ്‌നിയുടെ പ്രവര്‍ത്തനത്തെയും രോഗം ബാധിച്ചേക്കാം. അതിനുള്ള ചികിത്സയും നല്‍കാറുണ്ട്.

ഡോ. സോനാ അഗസ്റ്റിന്‍
പീഡിയാട്രീഷന്‍
എം. കെ. എം ഹോസ്പിറ്റല്‍, പ്രവിത്താനം

Ads by Google
Wednesday 09 Aug 2017 04.29 PM
YOU MAY BE INTERESTED
TRENDING NOW