Saturday, July 21, 2018 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 06 Aug 2017 12.52 AM

ജല ഒളിമ്പിക്‌സ് @ 65

uploads/news/2017/08/134293/sun1.jpg

പൂരങ്ങളുടെ പൂരം തൃശൂര്‍ പൂരമെങ്കില്‍ ജലോത്സവങ്ങളുടെ പൂരമാണ്‌ പുന്നമടക്കായലിലെ നെഹ്‌റു ട്രോഫി മേള. ചെറു പൂരങ്ങള്‍ അനേകമുണ്ടാകാം. എന്നാല്‍ ഇവിടെ തലയെടുപ്പ്‌ കാട്ടി വെള്ളികപ്പ്‌ സ്വന്തമാക്കുന്നതിനേക്കാള്‍ കേമമായി ചുണ്ടന്‍വള്ളങ്ങള്‍ക്ക്‌ മറ്റൊന്നില്ല. ചെറുവള്ളങ്ങള്‍ക്കും ഇത്‌ ഓളപ്പരപ്പിലെ ഒളിമ്പിക്‌സ് തന്നെ. ഈ ആവേശത്തിന്‌ ഇത്തവണ അറുപത്തിയഞ്ച്‌ ആണ്ട്‌ തികയുകയാണ്‌. വരുന്ന 12 നാണ്‌ ഈ വര്‍ഷത്തെ വള്ളംകളി. 24 ചുണ്ടനുകളടക്കം 78 കളിവള്ളങ്ങളാണ്‌ മാറ്റുരയ്‌ക്കുന്നത്‌. ഇത്രയേറെ വള്ളങ്ങള്‍ പങ്കെടുക്കുന്നതു ഇതാദ്യം.
1952 ല്‍ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു കുട്ടനാട്‌ സന്ദര്‍ശിച്ചതിന്റെ ഭാഗമായാണ്‌ ആദ്യ ജലമേള അരങ്ങേറിയത്‌. കാലാന്തരത്തില്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പടെ ലക്ഷക്കണക്കിനാളുകള്‍ ഉറ്റുനോക്കുന്ന മഹാമേളയായി ആലപ്പുഴയുടെ ഈ വള്ളംകളി ഉത്സവം മാറി. ഫുട്‌ബോളില്‍ സന്തോഷ്‌ട്രോഫിയും ക്രിക്കറ്റില്‍ രഞ്‌ജി ട്രോഫിയും സ്‌കൂള്‍ കലാമേളയിലെ സ്വര്‍ണട്രോഫിയും പോലെ വള്ളംകളിക്കാര്‍ക്ക്‌, അവരുടെ സിരകളെ എന്നും ത്രസിപ്പിക്കുന്ന ട്രോഫി എന്നാല്‍ ഓഗസ്‌റ്റ് രണ്ടാം ശനിയാഴ്‌ചയിലെ പുന്നമട നെട്ടായം കൈകളിലേന്തുന്ന നെഹ്‌റുട്രോഫിയാണ്‌. രാഷ്‌ട്രശില്‍പി കൈയ്യൊപ്പ്‌ ചാര്‍ത്തിയ ഈ വെള്ളിക്കപ്പിനായാണ്‌ അവര്‍ ശ്വാസംവിടാതെ പോരാടുക.
കോട്ടയത്തുനിന്ന്‌ ഡക്‌സ് എന്ന സ്‌പെഷല്‍ ബോട്ടിലായിരുന്നു നെഹ്‌റു കുടുംബത്തിന്റെ വരവ്‌. അദ്ദേഹത്തോടൊപ്പം മകള്‍ ഇന്ദിരയും പേരക്കുട്ടികളായ രാജീവ്‌, സഞ്‌ജയ്‌ എന്നിവരുമുണ്ടായിരുന്നു.
ബോട്ടില്‍നിന്ന്‌ ഇറങ്ങി അവര്‍ പവലിയനിലെ കസേരയില്‍ ഉപവിഷ്‌ടരായതോടെ ഒരു മൈല്‍ വടക്ക്‌ വേമ്പനാട്‌ കായലില്‍ ചുണ്ടന്‍വള്ളങ്ങള്‍ ഒന്നിച്ച്‌ കുതിക്കാന്‍ കാത്തു കിടക്കുകയായിരുന്നു. പോലീസ്‌ ഓഫീസര്‍ ഗോവിന്ദന്‍ വെടി ശബ്‌ദം മുഴക്കിയതോടെ ചുണ്ടന്‍വള്ളങ്ങള്‍ കുതിപ്പ്‌ തുടങ്ങി. അകലെ നിന്നു ആടിയിളകി വരുന്ന വള്ളങ്ങളെ കണ്ട്‌ നെഹ്‌റു മേശപ്പുറത്ത്‌ ചാടിക്കയറി. ആരോ കൊടുത്ത ബൈനോക്കുലറിലൂടെ ആകാംക്ഷയോടെ ആ ആവേശക്കാഴ്‌ച അദ്ദേഹം ആസ്വദിച്ചു.
നെടുമുടി പൊങ്ങ കരക്കാര്‍ തുഴയുന്ന നെപ്പോളിയന്‍, ചെമ്പുംപുറം കരക്കാരുടെ പാര്‍ഥസാരഥി, അമിച്ചകരി കരക്കാരുടെ ചമ്പക്കുളം, നടുഭാഗം കരക്കാരുടെ നടുഭാഗം, എടത്വാ കരക്കാര്‍ തുഴയുന്ന നേതാജി, മാമ്പുഴക്കരി കരക്കാര്‍ നയിക്കുന്ന നെല്‍സണ്‍, കാവാലം കരക്കാര്‍ തുഴഞ്ഞ കാവാലം എന്നീ ഏഴ്‌ ചുണ്ടന്‍ വള്ളങ്ങളാണ്‌ മത്സരിച്ചു വന്നത്‌.
ഒരു തുഴപ്പാടിന്‌ നടുഭാഗം ഒന്നാമതെത്തി. നെപ്പോളിയനായിരുന്നു രണ്ടാം സ്‌ഥാനം. കാവാലം മൂന്നാം സ്‌ഥാനം നേടി. പത്ത്‌ മിനിറ്റു കൊണ്ട്‌ മത്സരം കഴിഞ്ഞു. നടുഭാഗത്തിന്റെ ക്യാപ്‌റ്റന്‍ പയ്യനാട്‌ ചാക്കോ മാപ്പിളയ്‌ക്ക് പ്രധാനമന്ത്രി ട്രോഫി സമ്മാനിച്ചു.
ഇതിനുശേഷം നടുഭാഗം ചുണ്ടനില്‍ ചാടിക്കയറി നെഹ്‌റു ആലപ്പുഴ ജെട്ടിവരെ യാത്ര ചെയ്‌തു. എല്ലാവര്‍ഷവും വള്ളംകളി നടത്തണമെന്ന്‌ ആഗ്രഹമറിയിച്ച അദ്ദേഹം ഡല്‍ഹിയില്‍ചെന്ന ശേഷം ഒരു മുഴം നീളമുള്ള വെള്ളിച്ചുണ്ടന്‍ അയച്ചുനല്‍കി. ഇതാണ്‌ നെഹ്‌റു ട്രോഫി.
കൊല്ലം കലക്‌ടര്‍ തമ്പുരാന്‍, പുഞ്ച സ്‌പെഷല്‍ ഓഫീസര്‍ എന്‍.വി. ചെല്ലപ്പന്‍ നായര്‍, കുട്ടനാട്ടില്‍നിന്നുള്ള തിരുകൊച്ചി നിയമസഭാംഗം നാരായണപിള്ള എന്നിവരായിരുന്നു ആദ്യ വള്ളംകളിയുടെ മുഖ്യ സംഘാടകര്‍. അന്ന്‌ ആലപ്പുഴ കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു.
ട്രോഫി ലഭിക്കാന്‍ കലതാമസം നേരിട്ടതിനാല്‍ 53ല്‍ മത്സരം നടന്നില്ല. 54ല്‍ മീനപ്പള്ളി വട്ടക്കായലിലായിരുന്നു മത്സരം. ഇവിടെ കാറ്റ്‌ കൂടുതലായതിനാല്‍ 55ല്‍ പുന്നമടക്കായലിലേക്ക്‌ മാറ്റി. അന്നുമുതല്‍ പുന്നമടക്കായലാണ്‌ സ്‌ഥിരം വേദി. 52ലെ ആദ്യ വള്ളംകളിയുടെ ഏക ചരിത്ര ദൃശ്യരേഖ രണ്ടാം സമ്മാനം നേടിയ നെപ്പോളിയനു വേണ്ടി ക്യാപ്‌റ്റന്‍ പൂപ്പള്ളി കുട്ടിച്ചന്‍ നെഹ്‌റുവില്‍നിന്ന്‌ ട്രോഫി വാങ്ങുന്ന ഫോട്ടോയാണ്‌. കാലപ്പഴക്കത്താല്‍ ഈ ചിത്രം ആകെ മങ്ങിപ്പോയെങ്കിലും ഇതിന്റെ പകര്‍പ്പുകള്‍ സൂക്ഷിക്കാനായി ശേഖരിച്ചിട്ടുണ്ട്‌.
നെഹ്‌റു അയച്ചു തന്ന ട്രോഫിക്കായി ആദ്യമായി നടന്ന മത്സരത്തില്‍ കാവാലം ചുണ്ടനായിരുന്നു ജേതാവ്‌. അന്ന്‌ പ്രൈം മിനിസ്‌റ്റേഴ്‌സ് ട്രോഫി എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. 69 ജൂണ്‍ ഒന്നിനു കൂടിയ വള്ളംകളി സമിതി കപ്പിന്റെ പേര്‌ നെഹ്‌റു ട്രോഫി എന്നാക്കിമാറ്റി.
കേരളത്തിന്റെ തച്ചുശാസ്‌ത്രത്തിലെ ഏറ്റവും ശ്രേഷ്‌ഠമായതാണ്‌ ചുണ്ടന്റെ നിര്‍മാണം.
ചുണ്ടന്‍ ഒരുക്കുന്നതിന്‌ ലക്ഷണമൊത്ത ആഞ്ഞിലിത്തടി കണ്ടെത്തുകയാണ്‌ ആദ്യ പടി. ആഞ്ഞിലിത്തടിയില്‍ വെള്ളം വലിയില്ല. വെള്ളത്തില്‍ ദീര്‍ഘനാള്‍ കേടുകൂടാതെ കിടക്കും. ഒറ്റത്തടിയാണ്‌ ഏറ്റവും അഭികാമ്യം. തടി നന്നെന്ന്‌ ആശാരിക്ക്‌ ബോധ്യപ്പെട്ടാല്‍ പൂജയ്‌ക്ക് ശേഷം വെട്ടിയെടുക്കും. തുടര്‍ന്ന്‌ മൂന്നുപാളിയായി കൊണ്ടുവരും.
നദീ തീരത്ത്‌ വള്ളപ്പുര കെട്ടുകയാണ്‌ അടുത്ത ഘട്ടം. 55 കോല്‍ നീളത്തില്‍ ഓലകൊണ്ട്‌ മേലാപ്പ്‌ കെട്ടി മാലിപ്പുര തീര്‍ക്കാന്‍ വലിയ തുക ചെലവാകും. ഉളികുത്തല്‍ ചടങ്ങാണ്‌ വള്ളംപണിയുടെ തുടക്കം. നിര്‍മിക്കാനുദ്ദേശിക്കുന്ന ചുണ്ടന്റെ എട്ടിലൊന്ന്‌ മുതല്‍ പത്തിലൊന്ന്‌ വരെ വലിപ്പത്തില്‍ സ്‌കെച്ച്‌ ഉണ്ടാക്കും. ഇതിന്‌ ആനുപാതികമായിട്ടാണ്‌ ചുണ്ടന്റെ ഓരോ ഭാഗവും നിര്‍മിക്കുക. വള്ളപ്പുരയില്‍ പാഴ്‌ത്തടി കൊണ്ട്‌ മൂശ ഉണ്ടാക്കും. മാവും മറ്റുതടികളുമാണ്‌ ഇതിന്‌ ഉപയോഗിക്കുക. മുകളില്‍ ചുണ്ടന്‍ പണിയാന്‍ ഒരുക്കിയ ആഞ്ഞിലിത്തടി ഉറപ്പിക്കും.
മൂന്നുഭാഗമായാണ്‌ ചുണ്ടന്റെ നിര്‍മാണം. അമരം, മാതാവ്‌, കൂമ്പ്‌ എന്നിങ്ങനെയാണ്‌ വേര്‍തിരിക്കുന്നത്‌. മാതാവ്‌ എന്നറിയപ്പെടുന്ന മധ്യഭാഗത്തിന്റെ പണിയാണ്‌ ആദ്യം പൂര്‍ത്തിയാക്കുക. ഇതുകഴിഞ്ഞ്‌ ചുണ്ടന്‍ മലര്‍ത്തുന്ന ചടങ്ങുണ്ട്‌. ഇതിന്‌ ശേഷം വില്ല്‌ നിര്‍മിച്ച്‌ അമരം മുതല്‍ കൂമ്പ്‌ വരെയുള്ള ഭാഗങ്ങള്‍ മാതാവുമായി കൂട്ടിയോജിപ്പിക്കും. അരക്കുപോലുള്ള ചെഞ്ചല്യം എന്ന രാസവസ്‌തുവാണ്‌ വള്ളത്തിന്റെ ഭാഗങ്ങള്‍ ബന്ധിപ്പിക്കാന്‍ ഉപയോഗിക്കുന്നത്‌.
തടിപ്പണിക്ക്‌ പുറമേ പിത്തളപ്പണിയും ഇരുമ്പു പണിയുമുണ്ട്‌. ചുണ്ടന്റെ മുന്‍ഭാഗത്തെ കൂമ്പ്‌ പിത്തള കൊണ്ടാണ്‌. അമരത്തും വശങ്ങളിലും പിത്തള കൊണ്ടുള്ള കുമിളകള്‍ ഉണ്ടാകും. കൂട്ടിയോജിപ്പിക്കലിന്‌ ഇരുമ്പാണികളും ഇരുമ്പ്‌ പട്ടയും വേണ്ടതുണ്ട്‌. ശരാശരി നീളമുള്ള ഒരു ചുണ്ടന്‍ പണിയാന്‍ 750 ക്യൂബിക്‌ അടി തടി വേണം. 50 കിലോ പിത്തള, മൂന്ന്‌ ക്വിന്റല്‍ ഇരുമ്പ്‌ എന്നിവയും ഉപയോഗിക്കും. പുത്തന്‍ ചുണ്ടന്‍ നിര്‍മ്മിക്കാന്‍ 45 ലക്ഷം രൂപയിലേറെ ഇപ്പോള്‍ ചെലവ്‌ വരും. ലക്ഷണമൊത്തൊരു ചുണ്ടന്‌ അഞ്ച്‌ പങ്കായം വേണം. ഇവരാണ്‌ അമരക്കാര്‍.
വെടിത്തടിയില്‍ ഇടിക്കുന്നവരും താളം കൊടുക്കുന്നവരുമായി 11 പേരോളം ഉണ്ടാകും. ഇവരെ നിലയാളുകള്‍ എന്നു വിളിക്കും. ചുണ്ടനില്‍ 87 മുതല്‍ 94 വരെ തുഴച്ചില്‍ക്കാര്‍ ഉണ്ടാകും. അമരം കഴിഞ്ഞു കാണുന്ന ഭാഗമാണ്‌ കൂട്ടിക്കുത്ത്‌. ഇവിടെ ഇരിക്കുന്നത്‌ നാല്‌ പേരാണ്‌. ഇവര്‍ തുഴയുന്നത്‌ നെട്ടാശേരി നയമ്പ്‌ കൊണ്ടാണ്‌. കൂട്ടിക്കുത്ത്‌ കഴിഞ്ഞാല്‍ താണ തട്ട്‌ ആണ്‌.
ഇവിടെ സാധാരണ തുഴയില്‍ നിന്നും കുറച്ചുകൂടി കട്ടിയും വലിപ്പവും ഉള്ള തുഴ ആണ്‌ ഉപയോഗിക്കുക. അടുത്ത ഭാഗമാണ്‌ ചാര്‌. ഈ ഭാഗത്തെ വങ്ക്‌ എന്നും വിളിക്കും. വള്ളത്തിന്‌ ഉള്ളില്‍ നടപ്പാലവും പടിയും ഉണ്ട്‌. കൂമ്പ്‌ തുടങ്ങുന്ന ഭാഗം ആണ്‌ മുക്കണ്ണി.
ഇവിടം മുതല്‍ മുന്‍പോട്ട്‌ ഏഴ്‌ പേര്‍ ഇരിക്കും. ഇത്രത്തോളം 'ആള്‍ക്കൂട്ടം' മത്സരിക്കുന്ന ഒരിനം ലോകത്തെങ്ങുമില്ല. ഒരുതരം സംഘകായികമത്സരം. എന്നാല്‍ പതക്കവും പണക്കിഴിയും സര്‍ക്കാര്‍ ഉദ്യോഗവും വളളംകളിക്കാര്‍ക്ക്‌ അന്യം.
നെഹ്‌റു ട്രോഫി വള്ളംകളിയില്‍ പലപ്പോഴും അസ്വാരസ്യങ്ങള്‍ക്ക്‌ വഴിവയ്‌ക്കുന്നത്‌ സ്‌റ്റാര്‍ട്ടിങ്ങിലെ പിഴവുകളാണ്‌. ഇതിന്‌ വിവിധ മാര്‍ഗങ്ങള്‍ അവലംബിച്ചെങ്കിലും പരാതികള്‍ ബാക്കിയാകുകയായിരുന്നു. ദശലക്ഷങ്ങള്‍ ചെലവഴിച്ച്‌ മാസങ്ങള്‍ നീണ്ട തയാറെടുപ്പോടെയെത്തുന്ന ബോട്ട്‌ ക്ലബ്ബുകള്‍ക്ക്‌ ട്രാക്കില്‍ തുല്യ നീതി ലഭ്യമാകേണ്ടതുണ്ട്‌. അതിനായി ഇത്തവണ
സ്‌റ്റാര്‍ട്ടിങ്‌ കുറ്റമറ്റതാക്കാന്‍ ഇലക്‌ട്രോണിക്‌ നിയന്ത്രിത സംവിധാനം ഒരുക്കാനാണ്‌ എന്‍.ടി.ബി.ആര്‍ സൊസൈറ്റി തീരുമാനിച്ചിരിക്കുന്നത്‌.
സ്‌റ്റാര്‍ട്ടിങ്‌ പോയിന്റില്‍ കോണ്‍ക്രീറ്റ്‌ തൂണുകള്‍ താത്‌കാലികമായി സ്‌ഥാപിച്ചാണ്‌ സംവിധാനം ഒരുക്കുക. ഇതില്‍ 25 കുതിരശക്‌തിയുടെ ഡബിള്‍ ഷിഫ്‌റ്റ് ക്ലച്ച്‌ ആന്‍ഡ്‌ ഗിയര്‍ മോട്ടോര്‍ സ്‌ഥാപിച്ച്‌ മുകളിലേക്കും താഴേക്കും മാറ്റാവുന്ന ഷട്ടര്‍ പോലുള്ള ക്രോസ്‌ ബാര്‍ സ്‌ഥാപിക്കും. ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ക്രോസ്‌ ബാര്‍ മാറി സ്‌റ്റാര്‍ട്ടിങ്‌ നടക്കുന്നതിനൊപ്പം അതേനിമിഷം മുതല്‍ സമയം രേഖപ്പെടുത്തപ്പെടുകയും ചെയ്യുന്ന സംവിധാനമാണ്‌ തയാറാക്കിയിരിക്കുന്നത്‌. പത്തുലക്ഷം രൂപയാണ്‌ ഇതിന്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. വള്ളംകളി കഴിയുമ്പോള്‍ കോണ്‍ക്രീറ്റ്‌ തൂണുകള്‍ മാറ്റി ഈ സംവിധാനം മറ്റു വള്ളംകളികള്‍ക്കും ഉപയോഗിക്കാമെന്ന ഗുണവുമുണ്ട്‌.
ക്രിക്കറ്റിലും ഫുട്‌ബോളിലും വിപ്ലവം സൃഷ്‌ടിച്ച ലീഗ്‌ മാതൃക വള്ളംകളിയിലേക്കും..
കേരള ബോട്ട്‌ റേസ്‌ ലീഗ്‌ (കെ.ബി.എല്‍) എന്ന ആശയം സര്‍ക്കാര്‍ പരിഗണിനയിലാണ്‌. ഇത്‌ അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കാനാണ്‌ ആലോചന.
ഓഗസ്‌റ്റ് രണ്ടാം ശനിയാഴ്‌ച നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിയോടെ ആരംഭിക്കുന്ന ലീഗ്‌ മത്സരങ്ങള്‍ ഓഗസ്‌റ്റ് മൂന്നാം ശനിയാഴ്‌ച പുളിങ്കുന്ന്‌, നാലാം ശനിയാഴ്‌ച കായംകുളം, സെപ്‌റ്റംബര്‍ ആദ്യ ശനിയാഴ്‌ച കോട്ടയം കോടിമത, രണ്ടാം ശനിയാഴ്‌ച കരുവാറ്റ, മൂന്നാം ശനിയാഴ്‌ച മദര്‍തെരേസ, നാലാം ശനിയാഴ്‌ച കൈനകരി, ഒക്‌ടോബര്‍ ആദ്യ ശനിയാഴ്‌ച എറണാകുളം പിറവം എന്നിവിടങ്ങളില്‍ നടത്തി ഒക്‌ടോബര്‍ രണ്ടാം ശനിയാഴ്‌ച തൃശൂര്‍ കോട്ടപ്പുറത്ത്‌ സമാപിക്കുന്ന നിലയിലാണ്‌ ആദ്യം പദ്ധതി തയാറാക്കിയത്‌. ഇതിലേക്ക്‌ കൊല്ലം ജില്ലയിലെ ഉള്‍പ്പടെ ഏതാനും ജലോത്സവങ്ങളെകൂടി ഉള്‍ക്കൊള്ളിക്കാനാണ്‌ ആലോചന.
നെഹ്‌റു ട്രോഫി ഒഴിച്ചുള്ള വള്ളംകളികളില്‍ ജയിക്കുന്ന ടീം നേടുന്ന പോയിന്റിന്റെ അടിസ്‌ഥാനത്തിലായിരിക്കും തൃശൂര്‍ കോട്ടപ്പുറത്തെ അന്തിമ മത്സരം. ഏറ്റവും കൂടുതല്‍ പോയിന്റ്‌ നേടുന്ന മൂന്നു ടീമുകളാണ്‌ ഇവിടെ ഫൈനലില്‍ ഏറ്റുമുട്ടുക. ഇതിലെ വിജയിയാണ്‌ കെ.ബി.എല്‍ ചാമ്പ്യന്‍ഷിപ്പ്‌ നേടുക.
വിവിധ ജില്ലകളില്‍നിന്നുള്ള കൂടുതല്‍ വള്ളംകളി മത്സരങ്ങളെ ഉള്‍പ്പെടുത്തി വിപുലമായി കേരള ബോട്ട്‌ റേസ്‌ ലീഗ്‌ അടുത്തവര്‍ഷം നടത്തുമെന്നാണ്‌ മന്ത്രി ഡോ. ടി.എം. തോമസ്‌ ഐസക്കിന്റെ പ്രഖ്യാപനം.
ലീഗ്‌ നടത്തിപ്പില്‍ കൂടുതല്‍ വള്ളംകളികളെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്‌തമായ സാഹചര്യത്തില്‍ അവയെക്കൂടി ഉള്‍ക്കൊള്ളുംവിധത്തില്‍ നിയമാവലി പരിഷ്‌കരിക്കും. നിലവില്‍ നെഹ്‌റു ട്രോഫിയില്‍ തുടങ്ങി തൃശൂര്‍ കോട്ടപ്പുറത്ത്‌ അവസാനിക്കുംവിധം ഒമ്പതു വള്ളംകളികളെയാണ്‌ ലീഗില്‍ ഉള്‍പ്പെടുത്തിയിരുന്നത്‌.
കൊല്ലം ജില്ലയിലെ വള്ളംകളികളെ ലീഗിന്റെ ഭാഗമാക്കണമെന്ന്‌ ആവശ്യമുയര്‍ന്നിട്ടുണ്ട്‌. ഈ വര്‍ഷം തയാറെടുപ്പിന്‌ കുറച്ചു സമയമേ ലഭിക്കുന്നുള്ളൂവെന്ന പരാതിയും പലരും ഉന്നയിച്ചിട്ടുണ്ട്‌. ലീഗിന്റെ മത്സരകാലയളവ്‌ കുറച്ചു മാസങ്ങള്‍ കൂടി നീട്ടി കൂടുതല്‍ വള്ളംകളികളെ ഉള്‍പ്പെടുത്തണമെന്നും ആവശ്യം ഉയര്‍ന്നു.
അതിനാലാണ്‌ അടുത്തവര്‍ഷത്തേക്ക്‌ ലീഗ്‌ മാറ്റിയതെന്ന്‌ മന്ത്രി പറയുന്നു. എന്തായാലും കേരളത്തിലെ ജലോത്സവ രംഗത്ത്‌ ഇതൊരു പ്രതീക്ഷയാകുകയാണ്‌. ജലോത്സവങ്ങളുടെ നിലനില്‍പ്പിന്‌ ഇവിടെ സ്‌ഥിരം വാട്ടര്‍ സ്‌റ്റേഡിയങ്ങള്‍ പോലുമില്ല. പ്രഖ്യാപനങ്ങള്‍ ഏറെയുണ്ടാകാറുണ്ടെങ്കിലും അവയെല്ലാം മറവിയുടെ കാണാക്കയങ്ങളിലാണ്‌ .

നെഹ്‌റു ട്രോഫിയില്‍ ഹാട്രിക്‌ നേടിയ ചുണ്ടനുകള്‍

നെപ്പോളിയന്‍ (57 , 58സംയുക്‌ത ജേതാവ്‌ , 59)
കല്ലൂപ്പറമ്പന്‍ (70,71 സംയുക്‌ത ജേതാവ്‌,
72, 73സംയുക്‌ത ജേതാവ്‌)
കാരിച്ചാല്‍ (73സംയുക്‌ത ജേതാവ്‌, 74, 75, 76)
കാരിച്ചാല്‍ ( 82,83,84)
ചമ്പക്കുളം (89, 90 , 91)
ചമ്പക്കുളം (94, 95 , 96)
പായിപ്പാടന്‍ (2005, 2006, 2007)

ജി. ഹരികൃഷ്‌ണന്‍

Ads by Google
Sunday 06 Aug 2017 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW