Friday, July 20, 2018 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Sunday 06 Aug 2017 12.52 AM

യാത്രകളെ പ്രേമിച്ച സഞ്ചാരി

uploads/news/2017/08/134291/sun3.jpg

ലോകമിന്ന്‌ നമ്മുടെ കണ്‍മുന്നിലാണ്‌. യാത്രാസൗകര്യങ്ങള്‍ അത്രത്തോളമുണ്ട്‌. പണവും സമയവും മനസുമുണ്ടെങ്കില്‍ ലോകത്തിന്റെ ഏത്‌ കോണിലേക്കും ആര്‍ക്കും സഞ്ചരിക്കാം. ലോക കാഴ്‌ചകള്‍ ആസ്വദിക്കാം. മാര്‍ഗ ദര്‍ശികളായി വഴികാട്ടികളും ലോകത്തിന്റെ ഏത്‌ മൂക്കിലും മൂലയിലും പരിചയവലയത്തില്‍ മലയാളികളും കാണും.
യാത്രയുടെ സാഹസികതയില്ല, അനിശ്‌ചിതത്വമില്ല, കാലദൈര്‍ഘ്യമില്ല, അത്യാധുനിക വിമാനങ്ങളും ക്രൂയിസ്‌ കപ്പലുകളും സഞ്ചാരത്തിനായി നമ്മളെ മാടിവിളിക്കുന്നു. എന്നാല്‍ ഇതൊന്നുമില്ലാത്ത കാലത്ത്‌ ഒരു പെട്ടിയും തൂക്കി യാത്രയുടെ എല്ലാ അനിശ്‌ചിതത്വങ്ങളെയും അതിജീവിച്ച്‌ ലോക സഞ്ചാരത്തിനിറങ്ങിയ ഒരു മലയാളിയുണ്ട്‌. സാധാരണക്കാരനായ ആ സഞ്ചാരപ്രിയനായ സാഹിത്യകാരന്റെ പേരായിരുന്നു എസ്‌.കെ. പൊറ്റക്കാട്‌.
മലയാളികള്‍ക്ക്‌ ലോക രാജ്യങ്ങളെകുറിച്ച്‌ ഭൂപടത്തില്‍ മാത്രം കേട്ടുകേള്‍വി മാത്രമുള്ള കാലത്തായിരുന്നു ഈ സഞ്ചാരം.
ഒരു ചങ്ങാതി തോളില്‍ കൈയിട്ട്‌ തന്റെ യാത്രാനുഭവങ്ങള്‍ പങ്കുവയ്‌ക്കുന്ന ലാളിത്യത്തോടെയാണ്‌ പൊറ്റക്കാട്‌ പാതിരാ സൂര്യന്റെ നാട്ടിലും, ബാലിദ്വീപും, കാപ്പിരികളുടെ നാട്ടിലും, യൂറോപ്പിലൂടെയും, സിംഹഭൂമിയും , ലണ്ടന്‍ ഡയറിയുമെല്ലാം വായനക്കാര്‍ക്ക്‌ സമ്മാനിച്ചത്‌.
ഒപ്പം മലയാളസാഹിത്യത്തിന്റെ ചരിത്രത്തില്‍ ഇടംപിടിച്ച ലക്ഷണമൊത്ത 'നാടന്‍പ്രേമ'വും, ഒരു ദേശത്തിന്റെ കഥയും, തെരുവിന്റെ കഥയുമടക്കം അറുപത്‌ പുസ്‌തകങ്ങളാണ്‌ ആകാംക്ഷ പരത്തുന്ന അവതരണരീതിയുടെ മാന്ത്രിക വൈഭവവുമായി പൊറ്റക്കാടിന്റെ തൂലികയില്‍ നിന്ന്‌ മലയാള ഭാഷയില്‍ പിറവികൊണ്ടത്‌.

തെരുവില്‍ വിരിഞ്ഞ
ദേശചരിതവും
വായനക്കാരെ മയക്കിയ
നാടന്‍ പ്രേമവും

1913 മാര്‍ച്ച്‌ 14 കോഴിക്കോടാണ്‌ ഈ ലോക സഞ്ചാരിയുടെ ജനനം. കോഴിക്കോട്‌ സാമൂതിരി കോളജില്‍നിന്നും ഇന്റര്‍മീഡിയറ്റ്‌ നേടിയ ശേഷം കോഴിക്കോട്ടെ ഗുജറാത്തി വിദ്യാലയത്തില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു. ഇക്കാലത്താണ്‌ അദ്ദേഹത്തിന്‌ യാത്രകളില്‍ താല്‌പര്യം ജനിച്ചത്‌. 1939 ല്‍ കുറച്ചു കാലം ബോംബെയില്‍ ജോലി ചെയ്‌തു.
സാമൂതിരി കോളജ്‌ മാഗസിനില്‍ വന്ന 'രാജനീതി'യായിരുന്നു എസ്‌.കെ. എഴുതിയ ആദ്യകഥ. 1929ല്‍ കോഴിക്കോട്ടുനിന്നുള്ള ആത്മവിദ്യാകാഹളത്തില്‍ 'മകനെ കൊന്ന മദ്യം' എന്ന ഒരു കവിത പ്രസിദ്ധപ്പെടുത്തി.
1931ല്‍ എറണാകുളത്തുനിന്നു മൂര്‍ക്കോത്ത്‌ കുമാരന്റെ പത്രാധിപത്യത്തിലുള്ള ദീപം എന്ന മാസികയില്‍ 'ഹിന്ദുമുസ്ലിം മൈത്രി 'എന്ന കഥയും പുറത്തുവന്നു. തുടര്‍ന്നു മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ തുടര്‍ച്ചയായി കഥകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. ആദ്യത്തെ നോവല്‍ 'നാടന്‍പ്രേമ'മാണ്‌. 1939ല്‍ ബോംബെയില്‍ വച്ചാണ്‌ ഇതെഴുതിയത്‌. ജന്മനാട്‌ വിട്ടുള്ള ആദ്യത്തെ അന്യനഗരവാസമായിരുന്നു ബോംബെയിലേത്‌.
ഈ ഘട്ടത്തില്‍, ഗൃഹാതുരത്വത്തിന്റെ പിന്‍വിളി കഥാകാരന്റെ മനസില്‍ മുഴങ്ങി. ഒരു സിനിമാക്കഥയുടെ രൂപത്തിലാണ്‌ എസ്‌.കെ. നാടന്‍പ്രേമം എഴുതുന്നത്‌. പിന്നീടത്‌ നോവലിന്റെ ചട്ടക്കൂടിലേക്ക്‌ മാറുകയായിരുന്നു. ചങ്ങമ്പുഴയുടെ രമണനുശേഷം വായനക്കാര്‍ ആര്‍ത്തിപിടിച്ചു വായിച്ച പുസ്‌തകമായി നാടന്‍പ്രേമം മാറി.
തുടര്‍ന്ന്‌ എഴുതിയ 'ഒരു തെരുവിന്റെ കഥ' എസ്‌.കെയുടെ സ്‌ഥാനം സാഹിത്യത്തില്‍ പ്രബലമാക്കി. ഈ നോവലിന്‌ കേരള സാഹിത്യ അക്കാദമി അവാര്‍ഡും (1962) കിട്ടി. ഒരു തെരുവിനെ ആസ്‌പദമാക്കി എഴുതിയ നോവലില്‍, തെരുവില്‍ തന്നെ ജീവിക്കുന്ന ജനവിഭാഗങ്ങളാണ്‌ കഥാപാത്രങ്ങളായി വരുന്നത്‌.
പിന്നീടാണ്‌ വായനയില്‍ വസന്തം സൃഷ്‌ടിച്ച 'ഒരു ദേശത്തിന്റെ കഥ' എന്ന നോവലിന്റെ പിറവി. ശ്രീധരന്‍ എന്ന യുവാവ്‌ താന്‍ ജനിച്ചു വളര്‍ന്ന അതിരാണിപ്പാടം ഗ്രാമം സന്ദര്‍ശിക്കാനായി എത്തുന്നതും, അവിടെവച്ച്‌, അയാള്‍ തന്റെ ബാല്യകാലത്ത്‌ അവിടെ നടന്ന സംഭവങ്ങള്‍ ഓര്‍ക്കുന്നതുമായിരുന്നു പ്രമേയം.
ഈ നോവലിന്‌ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും (1973), സാഹിത്യപ്രവര്‍ത്തക സഹകരണസംഘം അവാര്‍ഡും (1977), ജ്‌ഞാനപീഠ പുരസ്‌കാരവും (1980) ലഭിച്ചു.
1957ല്‍ തലശേരിയില്‍ നിന്നു കമ്മ്യൂണിസ്‌റ്റ് സ്വതന്ത്രനായി പാര്‍ലമെന്റിലേക്ക്‌ മത്സരിച്ചെങ്കിലും എം.കെ. ജിനചന്ദ്രനോട്‌ (കോണ്‍ഗ്രസ്‌) പരാജയപ്പെട്ടു. 1962 ല്‍ തലശേരി മണ്ഡലത്തില്‍ നിന്നുതന്നെ സുഹൃത്തും വാഗ്മിയുമായ ഡോ. സുകുമാര്‍ അഴിക്കോടിനെ തോല്‍പ്പിച്ചു. 1986 ഓഗസ്‌റ്റ് 6 ന്‌ ലോകത്തോട്‌ വിടപറയുമ്പോള്‍ പൊറ്റക്കാടിന്‌ അറുപത്തിയൊമ്പത്‌ വയസായിരുന്നു.

യാത്രകളിലെ അവിചാരിതകള്‍

അനവധി അപകടങ്ങളും അവിചാരിതകളും കാത്തിരിക്കുന്നതായിരുന്നു പൊറ്റക്കാടിന്റെ യാത്രകളോരോന്നും. അതില്‍ വളരെ സവിശേഷമായതായിരുന്നു ലണ്ടന്‍ യാത്ര.
ലണ്ടനിലെ സഞ്ചാരമെല്ലാം കഴിഞ്ഞ്‌ അവിടെനിന്നും ഇന്ത്യയിലേക്ക്‌ വരാനുള്ള ശ്രമത്തിലായിരുന്നു പൊറ്റക്കാട്‌. യാത്രാക്കപ്പലില്‍ അപ്പോള്‍ സീറ്റ്‌ കിട്ടാന്‍ യാതൊരു രക്ഷയുമില്ല. ക്ലീഫോര്‍ഡ്‌ സ്‌ട്രീറ്റിലെ ഇന്ത്യന്‍ കമ്മേഴ്‌സ്യല്‍ വകുപ്പിന്റെ ഓഫീസില്‍, പാസേജ്‌ വിഭാഗത്തിന്റെ തലവന്‍ മിസ്‌റ്റര്‍ രംഗനാഥന്‌ പൊറ്റക്കാടിനെ സഹായിക്കണമെന്നുണ്ട്‌. അദ്ദേഹം പൊറ്റക്കാടിനോട്‌ ചരക്ക്‌ കപ്പലില്‍ പോകാമോയെന്നു ചോദിച്ചു.
എങ്ങനെയെങ്കിലും ഇന്ത്യയിലെത്തണമെന്ന്‌ ആഗ്രഹിച്ച പൊറ്റക്കാടിനത്‌ നൂറുവട്ടം സമ്മതം. ഇന്ത്യയിലേക്കുള്ള വെടിമരുന്നും, പടക്കോപ്പുകളും മറ്റുമാണ്‌ കപ്പലില്‍. അപകടസാധ്യതകള്‍ നിറഞ്ഞതുകൊണ്ട്‌ പുകവലി പോലും കപ്പലില്‍ നിഷിദ്ധമാണ്‌. അതും പൊറ്റക്കാടിന്‌ സ്വീകാര്യമായിരുന്നു.
എന്നാല്‍ കപ്പല്‍ പോകുന്ന ദിവസമായിട്ടും ഇംഗ്ലണ്ടിന്റെ ഉള്‍നാടുകള്‍ ചുറ്റാന്‍പോയ പൊറ്റക്കാടിന്‌ കപ്പലില്‍ എത്താന്‍ കഴിഞ്ഞില്ല. കപ്പല്‍ പോയ്‌കഴിഞ്ഞുവെന്ന വാര്‍ത്ത പൊറ്റക്കാടിനെ നിരാശനാക്കി. ഇനി കപ്പലില്‍ സീറ്റ്‌ കിട്ടാന്‍ മാസങ്ങള്‍ കാത്തിരിക്കണം. ദിവസങ്ങള്‍ കടന്നുപോയി.
ഒരു ദിവസം രാവിലെ ഹോട്ടലില്‍നിന്നു പ്രാതലും കഴിച്ച്‌ പത്രം വായിക്കാന്‍ ലോഞ്ചില്‍ വന്നിരുന്നു. 'ലണ്ടന്‍ ടൈംസ്‌' നിവര്‍ത്തി വായനതുടങ്ങി. ഒരു വാര്‍ത്തയുടെ തലക്കെട്ടില്‍ കണ്ണുടക്കി. 'ഇന്ത്യന്‍ എന്റര്‍പ്രൈസ്‌ എന്ന ഇന്ത്യന്‍ കപ്പല്‍ ചെങ്കടലില്‍ പൊട്ടിത്തെറിച്ചു മുങ്ങി'. വാര്‍ത്ത താഴേക്ക്‌ വായിക്കുംതോറും പൊറ്റക്കാട്‌ ഞെട്ടിത്തെറിച്ചു.
കപ്പലിലുണ്ടായിരുന്ന 75 ആളുകളില്‍ ഒരാള്‍ മാത്രമാണ്‌ രക്ഷപ്പെട്ടത്‌. പൊറ്റക്കാടിന്റെ മിഴികള്‍ ഒന്നു വിടര്‍ന്നു. പിന്നെ അടഞ്ഞു. പൊറ്റക്കാടിന്‌ പാസേജ്‌ റിസര്‍ച്ച്‌ ചെയ്‌തു വച്ചിരുന്ന ലണ്ടനില്‍ നിന്നും ഇന്ത്യയിലേക്കുള്ള കപ്പലായിരുന്നു അത്‌. ആ വാര്‍ത്ത ഒരാവര്‍ത്തികൂടി വായിക്കാനുള്ള മനക്കരുത്തുണ്ടായില്ല. ആ കപ്പലില്‍നിന്നും രക്ഷപ്പെട്ട നൂര്‍ ഹുസൈന്‍ എന്ന പാക്കിസ്‌ഥാന്‍കാരന്‍ ഒരു സിഗരറ്റ്‌ വലിക്കാന്‍ കപ്പലിന്റെ മുകള്‍ ഡക്കില്‍ പോയിരുന്നതുകൊണ്ടാണ്‌ രക്ഷപ്പെട്ടത്‌. 8500 ടണ്‍ അപകട വസ്‌തുക്കള്‍ കപ്പലിലുണ്ടായിരുന്നു. കപ്പല്‍ ചെങ്കടലില്‍, ഈജിപ്‌ഷ്യന്‍ കരയിലെ 'കോസെ്യര്‍നും' , സൗദി അറേബ്യന്‍ കരയിലെ 'വെജ്‌ദി'നും ഇടയ്‌ക്കുവച്ചാണ്‌ പൊട്ടിത്തെറിച്ചത്‌.
അപകടങ്ങള്‍ കണ്ടതുകൊണ്ടോ സാക്ഷ്യംവഹിച്ചതുകൊണ്ടോ, ഒരിക്കലും ഭക്ഷണമോ , താമസസൗകര്യമോ, യാത്രാസൗകര്യമോ ലഭ്യമല്ലാത്ത സ്‌ഥലങ്ങളുടെ പേരുകേട്ടതുകൊണ്ടോ അദ്ദേഹം ഭയന്നില്ല.
പുതിയ ജീവിതാനുഭവങ്ങളും, സംസ്‌കാര പരിചയവും കാഴ്‌ചകളും കാണുന്നതിനായി വേട്ടക്കാരും നരഭോജികളുമായ ഗോത്രവര്‍ഗ കാപ്പിരികള്‍ താമസിക്കുന്നയിടങ്ങളിലും, വന്യമൃഗങ്ങളുടെ ആക്രമണഭീതിയുള്ളയിടങ്ങളിലും സധൈര്യം പൊറ്റക്കാട്‌ സഞ്ചരിച്ചു.
അവിടങ്ങളിലെ സാധാരണ മനുഷ്യരുമായി ഇടപഴകിയതിന്റെ അനുഭവങ്ങള്‍ സ്വതഃസിദ്ധമായ നര്‍മ്മത്തില്‍ ചാലിച്ചെഴുതുക എന്നതായിരുന്നു ആ യാത്രാവിവരണ രീതിയുടെ മുഖമുദ്ര. അദ്ദേഹത്തിന്റെ ആദ്യത്തെ യാത്രാഗ്രന്ഥം 1947ല്‍ പുറത്തിറങ്ങിയ കാഷ്‌മീര്‍ ആയിരുന്നു. പിന്നീടായിരുന്നു കപ്പല്‍മാര്‍ഗമുളള വിദേശയാത്രകളുടെ തുടക്കം. വായനക്കാരനെ തന്നോടൊപ്പം കൊണ്ടുനടക്കാനും ആ യാത്രയുടെ ആനന്ദം അവര്‍ക്ക്‌ അനുഭവഭേദ്യമാക്കിക്കൊടുക്കാനുമായിയെന്നത്‌ ഈ യാത്രാവിവരണങ്ങളെ വേറിട്ടുനിര്‍ത്തുന്നു

എം.എ. ബൈജു

Ads by Google
Sunday 06 Aug 2017 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW