Saturday, July 21, 2018 Last Updated 7 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 06 Aug 2017 12.52 AM

ഷഡ്‌പദം -സജില്‍ ശ്രീധറിന്റെ നോവല്‍ തുടര്‍ച്ച

uploads/news/2017/08/134290/sun2.jpg

കുടുംബവീട്ടില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ കറുവന്നൂരിലെ കലന്തന്‍ വൈദ്യരുടെ വീട്ടില്‍ മൂന്ന്‌ ദിവസം. കുമാരന്‌ പണ്ട്‌ മൂലക്കുരുവും വായുകമ്പവും വത്സലയ്‌ക്ക് നടുവേദനയും വന്നപ്പോള്‍ പുഷ്‌പം പോലെ ചികിത്സിച്ച്‌ മാറ്റിയ ആളാണ്‌ വൈദ്യര്‍. ആധുനികവൈദ്യശാസ്‌ത്രം തോല്‍ക്കുന്നിടങ്ങളില്‍ വൈദ്യര്‍ ജയിക്കുന്നു. അത്രയും കേമനായ അദ്ദേഹത്തെ തന്നെ ഇക്കാര്യത്തിലും കുമാരന്‍ ആശ്രയിച്ചു.
ചൂടുവെളളത്തില്‍ കഴിക്കാന്‍ ഒരുപൊടി. ദിവസം മൂന്ന്‌ നേരം. പിന്നെ കഷായം പോലെ കയ്‌ക്കുന്ന ദ്രവരൂപത്തിലുളള ഒരു മരുന്ന്‌. വേദനയില്ല. മറ്റ്‌ പാര്‍ശ്വഫലങ്ങളില്ല. പുഷ്‌പം പോലെ എല്ലാം ശുഭം. വൈദ്യര്‍ വിശദീകരിച്ചു. സമാധാനത്തോടെ കുമാരനും കുടുംബവും മടങ്ങി. സംഭവിച്ചത്‌ സംഭവിച്ചു. ഏതായാലും മാനം പോയില്ലല്ലോ.
വീട്ടില്‍ തിരിച്ചെത്തിയ കുമാരന്‍ വത്സലയോട്‌ ആദ്യം പറഞ്ഞ കാര്യം ഇതായിരുന്നു.
''ഇനി പെണ്ണിനെ പഠിപ്പിക്കാനൊന്നും നിക്കണ്ട. നമ്മുടെ നിലയ്‌ക്കും വിലയ്‌ക്കും ഒരുവിധം ചേരുന്ന ഒരുത്തന്റെ കൈപിടിച്ച്‌ കൊടുക്കുക. പണോം പണ്ടോം എത്ര വേണേലും കൊടുക്കാം..''
''അവള്‌ സമ്മതിക്കുവോ..?''
വത്സലയുടെ സംശയം ന്യായമായിരുന്നു.
''അവളുടെ സമ്മതം ആര്‍ക്ക്‌ വേണം. നമ്മള്‌ അവക്കടെ ഭാവി മാത്രം നോക്കിയാ മതി..''
''അതല്ല. അവനെ മറക്കാന്‍ അവള്‌ തയ്യാറാവുമോന്ന്‌...''
''ആരെ..?''
വത്സല പേര്‌ പറഞ്ഞു. കുമാരന്‍ നീട്ടി ഒന്ന്‌ ആട്ടി
''ഫ....!!! ആ നരിന്ത്‌.........മോനോ...അവന്‍ എന്റെ മുറ്റത്ത്‌ കാലുകുത്തിയാ കൊന്ന്‌ കൊക്കേലെറിയും. കളളും കൊണ്ട്‌ നേര്യമംഗലം ഷാപ്പി പോകുന്ന വണ്ടീടെ ഡിക്കീല്‌ സ്‌ഥലം കൊറച്ചൊന്നുവല്ല''
''എന്നാലും...''
''നീയൊന്ന്‌ ചുമ്മാതിരിക്കുന്നൊണ്ടോ വത്സലേ...എന്റെ പ്രഷറ്‌ കൂട്ടരുത്‌..''
കുമാരന്‍ വിറളി പിടിച്ചു.
അപ്രതീക്ഷിതമായി ആ ചര്‍ച്ചയുടെ നടുവിലേക്ക്‌ സൗമിനി കയറി വന്നു.
''എന്നാടീ..''
മുത്തേ എന്ന്‌ മാത്രം വിളിച്ചിട്ടുളള നാവുകൊണ്ട്‌ കുമാരന്‍ ദേഷ്യപ്പെട്ടു.
''എനിക്കിപ്പം കല്യാണം വേണ്ട..''
സൗമിനി എടുത്തടിച്ച പോലെ പറഞ്ഞു.
'അത്‌ നീയാ തീരുമാനിക്കുന്നത്‌..''
വത്സല ഏറ്റുപിടിച്ചു.
''എന്റെ കല്യാണം പിന്നെ ഞാനല്ലേ തീരുമാനിക്കേണ്ടത്‌..''
''തര്‍ക്കുത്തരം പറയുന്നോടീ അസത്തേ..്‌''
വത്സല വീണ്ടും തല്ലാന്‍ കൈ ഉയര്‍ത്തി. കുമാരന്‍ തടഞ്ഞു.
''മോള്‌ അകത്തു പോയി വിശ്രമിക്ക്‌. അതൊക്കെ നമുക്ക്‌ പിന്നെ ആലോചിക്കാം''
കുമാരന്‍ അങ്ങനെ പ്രതികരിക്കുമെന്ന്‌ വത്സലയും സൗമിനിയും തീരെ കരുതിയില്ല. അയാളൂടെ മനസില്‍ എന്താണെന്ന്‌ അവര്‍ക്ക്‌ പിടികിട്ടിയതുമില്ല.
പിറ്റേ ഞായറാഴ്‌ച കാലത്ത്‌ ഭാര്യയോടും മകളോടുമായി കുമാരന്‍ പറഞ്ഞു.
''എന്റെ പഴയ ഒരു പരിചയക്കാരനുണ്ട്‌. മുക്കത്ത്‌ പലചരക്ക്‌ ഹോള്‍സെയില്‍ കട നടത്തുന്ന ദിവാകരന്‍. പൂത്ത കാശാ അവന്‌. ദിവാകരനും വീട്ടുകാരത്തീം മോനും കൂടെ
നമ്മുടെ അമ്പലത്തീ തൊഴാന്‍ വരുന്നുണ്ട്‌. ചെക്കന്റെ കല്യാണം വൈകുന്നതിന്‌ ഏതാണ്ട്‌ നേര്‍ച്ചയുണ്ട്‌. അക്കൂട്ടത്തീ ചെലപ്പോ ഇവിടേം ഒന്ന്‌ കേറും.''
ആ പറഞ്ഞതില്‍ അസ്വാഭാവികതയുളളതായി ശുദ്ധഗതിക്കാരിയായ വത്സലയ്‌ക്ക് തോന്നിയില്ല. സൗമിനി പക്ഷെ കാലേകൂട്ടി അപകടം മണത്തു.
''നമ്മള്‌ വല്ലോം കരുതണ്ടേ?'' വത്സല സംശയം പ്രകടിപ്പിച്ചു.
''കാപ്പിക്കുളളത്‌ എന്തായാലും വേണം. ഊണിന്റെ കാര്യം ഉറപ്പില്ല. ഏതായാലും രണ്ട്‌
നാടന്‍കോഴിയെ അങ്ങ്‌ കണ്ടിച്ചേര്‌..''
കുമാരന്‍ പറഞ്ഞു.
''ങാ..പിന്നേ...ചെറുപഴമൊന്നും അവര്‍ക്ക്‌ വെളമ്പിയേക്കരുത്‌...''
കുമാരന്‍ കൂട്ടിച്ചേര്‍ത്തു.
''അതെന്നാടാ കുമാരാ..അവര്‌ കൊച്ചിനെ പെണ്ണ്‌ കാണാന്‍ വരുവാന്നോ...പഴം കൊടുത്താ കല്യാണം നടക്കത്തില്ലെന്നാ പണ്ട്‌ കാലത്തുളളവര്‌ പറേന്നത്‌''
മുത്തശ്ശി വച്ച്‌കാച്ചി. കുമാരന്റെ മുഖം കടലാസ്‌ പോലെ വിളറി.
''വേണ്ടാതീനം പറയാതെ അമ്മ അകത്ത്‌ പോണ്ടൊണ്ടോ..്‌'' അയാള്‍ ചീറി.
സൗമിനിക്ക്‌ ചിരിയാണ്‌ വന്നത്‌. എത്ര വേലയിറക്കിയാലും മറ്റൊരു പുരുഷന്‍ തന്റെ ദേഹത്ത്‌ കൈവയ്‌ക്കാന്‍ അനുവദിക്കില്ലെന്ന്‌ അവള്‍ തീരുമാനിച്ചുറച്ചതാണ്‌. സൗമിനി നിശ്‌ചയിച്ചാല്‍ നിശ്‌ചയിച്ചതാണ്‌. അതിനെ പിടിവാശിയെന്നോ അഹമ്മതിയെന്നോ എന്ത്‌ പേരിട്ട്‌ വിളിച്ചാലും തെറ്റില്ല.
മുക്കത്തുകാര്‌ വന്നു. വത്സലയും സൗമിനിയും ചേര്‍ന്ന്‌ ഭംഗിയായി വച്ചു വിളമ്പി. അവര്‌ സന്തോഷമായി തിരിച്ചുപോവുകേം ചെയ്‌തു. എല്ലാം കഴിഞ്ഞ്‌ രാത്രി കിടക്കാന്‍ നേരം കുമാരന്‍ ഭാര്യയേം മകളേം അടുത്തേക്ക്‌ വിളിച്ചു. മുഖവുര കൂടാതെ അയാള്‍ പറഞ്ഞു.
''മുക്കത്തുകാര്‌ വിളിച്ചിരുന്നു. അവര്‍ക്ക്‌ സൗമിനി മോളെ പെരുത്ത്‌ ഇഷ്‌ടായീന്ന്‌. ജാതി നോക്കിയാല്‍ അവര്‌ തീയരാ. എന്നാലും നമ്മള്‌ ചോവന്‍മാരടെ ഒരു അവാന്തരമായിട്ട്‌ വരും. ഗുരുദേവനെ പ്രാര്‍ത്ഥിക്കുന്ന പരിപാടിയൊന്നും അവര്‍ക്കില്ല. അത്‌ നമ്മക്ക്‌ ഉണ്ടാക്കിയെടുക്കാംന്നേ..ഞാന്‍ പറഞ്ഞു വരുന്നത്‌ നിനക്ക്‌ മനസിലാവണുണ്ടോ?''
കുമാരന്‍ വത്സലയെ നോക്കിയാണ്‌ ചോദിച്ചതെങ്കിലും ലക്ഷ്യം സൗമിനിയായിരുന്നു.
'' ചെക്കനും മോളെ വല്ലാതങ്ങ്‌ പിടിച്ചുപോയി. കല്യാണമേ വേണ്ടെന്നും പറഞ്ഞ്‌ ഒറ്റാല്‌ പോലെ നിന്ന പയ്യനാ. ഇപ്പം അവന്‍ ഇവളേം കൊണ്ടേ പോവൂന്നാ..''
അതും പറഞ്ഞ്‌ കുമാരന്‍ ഒരു ഇളിഞ്ഞ ചിരി ചിരിച്ചു.
വത്സലയ്‌ക്കും ആ നീക്കം ഇഷ്‌ടമായി. പക്ഷെ സൗമിനിയുടെ നിലവിളക്ക്‌ പോലുളള മുഖത്ത്‌ കത്തി നിന്ന തിരികള്‍ അഞ്ചും കെട്ടു. മുറിയില്‍ ആകെ ഇരുട്ടു വീണപോലെ.
''എന്താ നിന്റെ അഭിപ്രായം?''
ഇക്കുറി കുമാരന്‍ മകളുടെ മുഖത്തേക്ക്‌ നോക്കി ചോദിച്ചു.
''രാമുണ്ണീടെ സ്‌ഥാനത്ത്‌ വേറൊരാളെ കാണാന്‍ ഇനി എന്നെക്കൊണ്ട്‌ പറ്റില്ല''
അവള്‍ തീര്‍ത്തു പറഞ്ഞു.
''ഫ...എരണംകെട്ടവളെ...ആരാടീ അവന്‍...കാല്‍ക്കാശിന്‌ വകയില്ലാത്ത തെണ്ടി. സ്വന്തം വീട്ടുകാര്‍ക്ക്‌ പോലും അവനെ പത്തുപൈസേടെ വെലയുണ്ടോ..?ആദ്യം കെട്ടിയവള്‍ക്ക്‌ ചെലവിന്‌ കൊടുക്കാനുളള വകയുണ്ടാക്കി കാണിക്കട്ടെ. അതുകഴിഞ്ഞ്‌ തീരുമാനിക്കാം ബാക്കികാര്യം...''
''അച്‌ഛന്‍ എന്നാ പറഞ്ഞാലും കെട്ടുന്നൊണ്ടെങ്കില്‍ രാമുണ്ണിയേ ഞാന്‍ കെട്ടൂ..''
മുറിക്ക്‌ പുറത്ത്‌ പാത്തു നിന്ന്‌ അകത്തെ വര്‍ത്തമാനം ശ്രദ്ധിച്ച മുത്തശ്ശിയുടെ അഭിപ്രായം ഒരു അശരീരി പോലെ വന്നു.
''പെണ്ണിന്‌ ചെക്കന്റെ സംഗതിയങ്ങ്‌ ഇഷ്‌ടപ്പെട്ടൂന്ന്‌ തോന്നണു''
അതും പറഞ്ഞ്‌ അവര്‍ ഒരു വഷളന്‍ ചിരി പാസാക്കി.
''ഫ...പെറ്റതള്ളേന്ന്‌ വിളിച്ച നാവുകൊണ്ട്‌ മറ്റേവര്‍ത്താനം പറയിക്കരുത്‌. കടന്നു പോകുന്നുണ്ടോ...''
കുമാരന്‍ ചീറി.
''ഞാന്‍ പോയേക്കാവേ..'' തളള വലിഞ്ഞു.
കുമാരന്‍ ഒരു നിമിഷം ആലോചിച്ചു. അയാള്‍ അങ്ങനെയാണ്‌. തീരുമാനങ്ങള്‍ക്ക്‌ കാത്തു നില്‍ക്കില്ല. എന്തും ഏതും ഞൊടിയിടക്കുളളില്‍ നടപ്പാക്കും.
''നീയൊരു കാര്യം ചെയ്യ്‌. അവനോട്‌ നാളെ കാലത്ത്‌ ഇങ്ങ്‌ വരാന്‍ പറ...''
സൗമിനിയുടെ നെഞ്ചൊന്ന്‌ കാളി. കൊല്ലാനാണോ വളര്‍ത്താനാണോ അച്‌ഛന്‍ വിളിക്കുന്നതെന്ന്‌ ആര്‌ കണ്ടു. എന്തായാലും രണ്ടുംകല്‍പ്പിച്ച്‌ അവള്‍ രാമുണ്ണിയെ മൊബൈലില്‍ വിളിച്ചു. കാര്യമൊന്നും പറഞ്ഞില്ല. നാളെ എത്തിയേ പറ്റൂ എന്ന്‌ കര്‍ശനമായി നിഷ്‌കര്‍ഷിച്ചു.
സൗമിനിയെ മനസില്‍ ധ്യാനിച്ച്‌ രാത്രി പുതപ്പിനുളളില്‍ ചുരുണ്ടുകൂടുമ്പഴാണ്‌ അവളുടെ വിളി വന്നത്‌. രാമുണ്ണിക്ക്‌ ചില്ലറ ആശങ്ക തോന്നാതിരുന്നില്ല. വീട്ടിലേക്ക്‌ അവള്‍ ധൈര്യപുര്‍വം വിളിച്ചു വരുത്തണമെങ്കില്‍ അതിലെന്തോ കാര്യമുണ്ടെന്ന്‌ അയാള്‍ക്ക്‌ തോന്നി. ഏതായാലും വിളിച്ചത്‌ സൗമിനിയല്ലേ. എന്തെങ്കിലും ഉദ്ദേശം കാണാതെ വിളിക്കില്ല. പൊട്ടിപെണ്ണാണെങ്കിലും അവള്‍ ഉള്‍ക്കരുത്തുളളവളാണെന്ന്‌ രാമുണ്ണിക്ക്‌ നന്നായി അറിയാം. ആ ധൈര്യത്തിലാണ്‌ അയാള്‍ പിറ്റേന്ന്‌ അതിരാവിലെ അവളുടെ വീട്ടിലെത്തിയത്‌. മുറ്റത്ത്‌ വലിയ കാര്‍ കണ്ടപ്പോഴേ അയാളുടെ പാതിധൈര്യം ചോര്‍ന്നു.
കുമാരന്‍ അകത്തുണ്ടെന്ന്‌ ഉറപ്പാണ്‌. അയാളുടെ സാന്നിദ്ധ്യത്തില്‍ എന്ത്‌ പറയാനാവും അവള്‍ വിളിച്ചത്‌?
സൗമിനിക്ക്‌ അക്കാര്യത്തില്‍ ആശയക്കുഴപ്പം ലവലേശമില്ലായിരുന്നു. അവള്‍ കുമാരന്റെ തനി മകളാണ്‌. തീരുമാനം വേഗത്തിലും ദൃഢതയിലുമാണ്‌. അതില്‍ പിന്നീട്‌ ഭേദഗതിയില്ല. ആദ്യമായാണ്‌ അവള്‍ ഒരാളെ സ്‌നേഹിക്കുന്നത്‌. ഒരു പുരുഷന്‌ മുന്നില്‍ സ്വന്തം നഗ്നത പ്രദര്‍ശിപ്പിക്കുന്നതും അനാവൃതനായ ആണിനെ കാണുന്നതും ആദ്യമായാണ്‌. സൗമിനിക്ക്‌ അവള്‍ സ്വപ്‌നം കണ്ടതൊന്നും അയാളില്‍ നിന്നും ലഭിച്ചതുമില്ല. അതൊക്കെ ആദ്യാനുഭവത്തിന്റെ പകപ്പില്‍ സംഭവിച്ചതാകാമെന്ന്‌ അവള്‍ എഴുതി തളളി. അയാള്‍ക്ക്‌ അവളോടുണ്ടെന്ന്‌ അവളെ വിശ്വസിപ്പിക്കാനായി അയാള്‍ നടിച്ച സ്‌നേഹം അവള്‍ക്ക്‌ അതിലും വലുതായിരുന്നു.
രാമുണ്ണി കാളിംഗ്‌ബെല്ലടിച്ചപ്പോള്‍ വന്ന്‌ കതക്‌ തുറന്നത്‌ വത്സലയായിരുന്നു. അവനെ കണ്ട്‌ മുഖത്ത്‌ ഭാവവ്യത്യാസം ഒന്നും കാണിക്കാതെ അവര്‍ പറഞ്ഞു.
''മോന്‍ കയറിയിരിക്ക്‌....''
വിശാലമായ ഹാളിലെ പതുപതുത്ത സെറ്റിയില്‍ അമര്‍ന്നിരിക്കുമ്പോള്‍ അവന്‍ കുസൃതിയോടെ ഓര്‍ത്തു. ഈ സോഫയ്‌ക്ക് സൗമിനിയുടെ ശരീരത്തേക്കാള്‍ മാര്‍ദ്ദവമുണ്ട്‌. ഏറെസമയം കഴിഞ്ഞാണ്‌ കുമാരന്‍ അവിടേക്ക്‌ കയറി വന്നത്‌. അയാളെ കണ്ട്‌ അവന്‍ ബഹുമാനപുരസരം എണീറ്റു.
''ഇരിക്ക്‌..''
അയാള്‍ സാമാന്യമര്യാദയുടെ പരിധികള്‍ ലംഘിക്കാതെ പറഞ്ഞു.
അവര്‍ രണ്ടുപേരൂം പരസ്‌പരാഭിമുഖമായി ഇരുന്നു.
വത്സലയുടെ മുഖം അകത്തേക്കുളള വാതിലില്‍ പ്രത്യക്ഷപ്പെട്ടു. അവള്‍ക്ക്‌ പിന്നിലായി സൗമിനിയുടെ മുഖവും ദൃശ്യമായി. രാമു അവളെ കണ്ട്‌ ചിരിച്ചു. അവളുടെ മുഖത്ത്‌ നാണം കലര്‍ന്ന ഒരു ചിരി തലനീട്ടി.
കുമാരന്റെ ദൃഢമായ ശബ്‌ദം ഉയര്‍ന്നു.
''ഒരു മുഖവുരയുടെയോ വിശദീകരണത്തിന്റെയോ ആവശ്യമില്ലെന്ന്‌ അറിയാം. അതുകൊണ്ട്‌ വളച്ചുകെട്ടാതെ കാര്യത്തിലേക്ക്‌ കടക്കുകയാണ്‌.എന്റെ മകളും രാമുവും
ഒരുമിച്ച്‌ ജീവിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞെന്ന്‌ അവള്‍ പറയുന്നു. അതില്‍ എനിക്ക്‌ എതിര്‍പ്പില്ല. കാരണം നമ്മള്‍ രണ്ട്‌കൂട്ടരും ഒരു ജാതിയില്‍ പെട്ടവരാണ്‌. കുടുംബപാരമ്പര്യത്തില്‍ രാമുവിന്റെ വീട്ടുകാര്‍ ഞങ്ങളേക്കാള്‍ മുന്തിയവരാണ്‌. പക്ഷെ ഇതുകൊണ്ടൊന്നും ജീവിതമാവില്ല. ജീവിക്കാന്‍ പണം വേണം,തൊഴില്‌ വേണം. സമൂഹത്തില്‍ അന്തസും മാന്യതയും ഉണ്ടാവണമെങ്കില്‍ ഇത്‌ രണ്ടും വേണം. നിര്‍ഭാഗ്യവശാല്‍ ഈ പറഞ്ഞതൊന്നും നിലവില്‍ രാമുവിന്‌ ഇല്ല. എന്നെപോലൊരാള്‍ക്ക്‌ ഇതൊക്കെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്‌. കാരണം വായില്‍ വെളളിക്കരണ്ടിയുമായി ജനിച്ചയാളല്ല ഞാന്‍. ചെത്തുകാരനായിരുന്നു .പിന്നെ ഷാപ്പില്‍ കറിക്കച്ചവടം നടത്താന്‍ വന്ന വെറും ഒരു കുമാരന്‍. 20 വര്‍ഷം കൊണ്ട്‌ ആ വെറും കുമാരന്‍, കുമാരന്‍ മുതലാളിയായി. ഇന്ന്‌ ഈ നാട്ടിലെ ഏറ്റവും വലിയ പണക്കാരന്‍ എന്ന്‌ ഞാന്‍ തന്നെ പറഞ്ഞാല്‍ അത്‌ അഹങ്കാരമാവും. പക്ഷെ അങ്ങനെയാണെന്ന്‌ നാട്ടുകാര്‍ പറയുന്നു. ഇതൊക്കെ ഞാന്‍ നേടിയത്‌ ആരുടെയും കൈത്താങ്ങു കൊണ്ടല്ല. സ്വന്തം പ്രയത്നവും മിടുക്കും കൊണ്ടാണ്‌. എന്നോളം വളര്‍ന്നില്ലെങ്കിലും ആരുടെയും മുന്നില്‍ കൈനീട്ടാതെ കെട്ടിയ പെണ്ണിന്‌ ചെലവിന്‌ കൊടുക്കാന്‍ ശേഷിയുളള ഒരുത്തനെയേ മകളൂടെ ഭര്‍ത്താവായി ഞാന്‍ അംഗീകരിക്കൂ. അതിന്‌ സാധിക്കുമെന്ന്‌ രാമുവിന്‌ ആത്മവിശ്വാസമുണ്ടോ? ''
രാമുവിന്റെ മുഖം അമേദ്യസ്‌പര്‍ശമേറ്റതു പോലെയായി. സൗമിനിയുടെ കണ്ണുകളിലെ തിളക്കവും മാഞ്ഞു. വത്സല ശ്വാസം അടക്കിപിടിച്ച്‌ നിന്നു. കുമാരന്‌ ലവലേശം കൂസലുണ്ടായിരുന്നില്ല.
''എനിക്കറിയില്ല കുമാരേട്ടാ...ഇപ്പോള്‍ എനിക്ക്‌ ജോലിയൊന്നുമില്ല. അമ്പലത്തില്‍ ശാന്തിപ്പണിക്ക്‌ കൂടാനാ അച്‌ഛന്‍ പറേന്നത്‌''
കുമാരന്‍ ആക്കിയ മട്ടില്‍ ഒന്ന്‌ ചിരിച്ചു.
''നല്ല നാല്‌ നെയ്‌ത്തിരി കത്തിക്കാന്‍ നടവരവില്ലാത്ത അമ്പലത്തില്‍ ശാന്തിപണിക്ക്‌ നിന്നാല്‍ നിന്റെ ഭാവി ഭദ്രമാകുമെന്ന്‌ തോന്നുന്നുണ്ടോ രാമുവിന്‌''
''അറിയില്ല...''
ഇക്കുറി കുമാരന്‍ ചൊടിച്ചു.
''എന്ത്‌ ചോദിച്ചാലും നിനക്ക്‌ അറിയില്ല. നിനക്ക്‌ അറിവുണ്ടാക്കണ്ട ബാധ്യതയും എനിക്കില്ല. പക്ഷെ എന്റെ മകളുടെ ജീവിതത്തെക്കുറിച്ച്‌ എനിക്ക്‌ അറിഞ്ഞേ തീരൂ. നിനക്ക്‌ എന്റെ മകളെ കെട്ടിച്ചു തന്നാല്‍ ഞങ്ങളുടെ കളളുകച്ചവടത്തിന്റെ കാര്യങ്ങളും നോക്കി ഉത്തരവാദിത്തത്തോടെ ഒപ്പം നില്‍ക്കാന്‍ നിനക്ക്‌ പറ്റുവോ..?''
അന്ധന്‍ ആനയെ കണ്ടതുപോലെ രാമുണ്ണി മിഴ്‌ക്കസ്യാന്ന്‌ നിന്നു.
''ചോദിച്ചത്‌ കേട്ടില്ലേ. ഷാപ്പ്‌ബിസിനസ്‌ നോക്കി നടത്താന്‍ പറ്റ്വോന്ന്‌...''
''അയ്യോ..അതൊന്നും എനിക്ക്‌ പരിചയമില്ല...''
''ഇതൊന്നും ആരും ജനിക്കുമ്പഴേ പരിചയിച്ചുകൊണ്ടല്ല വരുന്നത്‌. ചെയ്‌താണ്‌ പരിചയിക്കുന്നത്‌. നിനക്ക്‌ അതിനുളള ആത്മവിശ്വാസം ഉണ്ടോ എന്നതാണ്‌ പ്രധാനം''
ഇതിനിടയില്‍ വീട്ടില്‍ വേലയ്‌ക്ക് നില്‍ക്കുന്ന മായാവല്ലി ഒരു ട്രേയില്‍ രണ്ട്‌ കപ്പ്‌ ചായയും രണ്ട്‌ പ്ലേറ്റുകളിലായി ബേക്കറി പലഹാരങ്ങളും കൊണ്ടുവന്ന്‌ മുന്നിലെ ടീപ്പോയില്‍ വച്ചു.
''രാമു ചായ കുടിക്ക്‌...''
ഗൗരവം വിടാതെ കുമാരന്‍ പറഞ്ഞു.
ഒരു കൊച്ചുകുട്ടിയുടെ നിഷ്‌കളങ്കതയോടെ ഒറ്റവലിക്ക്‌ രാമു ചായ കുടിച്ചു.
''അലുവ കഴിക്കില്ലേ. കോഴിക്കോടന്‍ അലുവയാണ്‌ നല്ല ടേസ്‌റ്റാ...ഞാന്‍ ഒരു യാത്ര പോയപ്പോള്‍ വാങ്ങിയതാ...''
ചോദിക്കണ്ട താമസം രാമു അലുവ ഒരു കഷണം എടുത്ത്‌ വായില്‍ വച്ചു. ശബ്‌ദമുണ്ടാക്കി കൊണ്ട്‌ അലുവ ചപ്പി വലിച്ച്‌ കഴിക്കുന്നത്‌ കണ്ടപ്പോള്‍ സൗമിനിക്ക്‌ നാണം വന്നു. അവള്‍ക്ക്‌ മറ്റ്‌ ചിലത്‌ ഓര്‍മ്മയും വന്നു. പൊട്ടിവച്ച ചിരി അടക്കാനും അമ്മയില്‍ നിന്ന്‌ മറയ്‌ക്കാനും അവള്‍ നന്നെ പണിപ്പെട്ടു.
അലുവ കഴിച്ച്‌ വലതുകൈപത്തി കൊണ്ട്‌ ചിറി തുടച്ച്‌ വീണ്ടും കുമാരന്റെ മുഖത്തേക്ക്‌ നോക്കി രാമു.
''ഒരുപാട്‌ കളം കണ്ടവനാ ഞാന്‍. താന്‍ ഒരു പാവമാണെന്ന്‌ ഒറ്റ കാഴ്‌ചയിലേ എനിക്ക്‌ മനസിലായി. പക്ഷെ അതുകൊണ്ട്‌ കാര്യമില്ല. താന്‍ പാവമായതു കൊണ്ട്‌ എന്റെ മോളുടെ ജീവിതമാകില്ല. പാവങ്ങള്‍ക്കുളളതല്ല ഈ ലോകം. അതുകൊണ്ട്‌ ആലോചിക്കാന്‍ എനിക്ക്‌ സമയമില്ല. എനിക്ക്‌ രണ്ടിലൊന്ന്‌ അറിയണം. ഇവളെ മാന്യമായി പോറ്റാനുളള വരുമാനം കിട്ടുന്ന തൊഴില്‍ ആറുമാസത്തിനുളളില്‍ സംഘടിപ്പിക്കാന്‍ കഴിയുമോ?''
''സംശയമാണ്‌..്‌''
രാമു എടുത്തടിച്ചതു പോലെ പറഞ്ഞു.
''എങ്കില്‍ ഒരു കാര്യത്തില്‍ എനിക്ക്‌ സംശയമില്ല. നിങ്ങള്‍ തമ്മിലുളള കല്യാണം നടക്കില്ല''
സൗമിനി ഒന്ന്‌ നടുങ്ങി. പക്ഷെ അവള്‍ ഉലഞ്ഞില്ല. ആര ്‌എതിര്‍ത്താലും താന്‍ രാമുവിന്‌ ഒപ്പം നില്‍ക്കുമെന്ന തീരുമാനം അവളുടെ ഉളളില്‍ ദൃഢമായിരുന്നു.
''എന്നാല്‍ ഞാന്‍ പോട്ടെ...''
രാമു എണീറ്റു.
കുമാരന്‍ പുച്‌ഛത്തോടെ ചിറികോട്ടി.
രാമുണ്ണി സൗമിനിയെയും വത്സലയെയും നോക്കി കണ്ണുകള്‍ കൊണ്ട്‌ ഒരു യാത്ര പറയുമെന്ന്‌ അവര്‍ പ്രതീക്ഷിച്ചു. പക്ഷെ അതുപോലും സംഭവിച്ചില്ല. പിന്‍തിരിഞ്ഞ്‌ നോക്കാതെ അവന്‍ നടന്നു മറഞ്ഞു.
വത്സല അടിയേറ്റതു പോലെ നിന്നു.
''നിങ്ങളെന്തിനാ അങ്ങനെയൊക്കെ പറഞ്ഞത്‌? ആ ചെക്കന്‌ വിഷമമായി കാണും''
''പിന്നെ ഞാനെന്ത്‌ പറയണം. ഒന്നിനും കൊളളാത്ത നിനക്ക്‌ പെണ്ണിനെ കെട്ടിച്ചു തരാമെന്നോ?''
വത്സലക്ക്‌ ഉത്തരം മുട്ടി.
''എടീ അവന്‍ ഒരാണാണോന്ന്‌ പോലും എനിക്ക്‌ സംശയമുണ്ട്‌. മറ്റേപരിപാടി ചെയ്‌താല്‍ മാത്രം ആണാവില്ല...''
സൗമിനി ഒന്ന്‌ വിളറി. അവള്‍ പതുക്കെ അകത്തേക്ക്‌ വലിഞ്ഞു.
''എന്നാ വര്‍ത്തവാനവാ...ഇത്‌...''
കുമാരന്‌ അയ്യര്‌ കലിച്ചു.
''പിന്നല്ലാതെ...എടീ അവന്‍ ഒന്നും നടത്തിയില്ലേലും എന്റെ മുഖത്ത്‌ നോക്കി അന്തസായി ആറുമാസത്തിനുളളില്‍ ഞാനൊരു തൊഴില്‌ കണ്ടുപിടിച്ച്‌ നിങ്ങടെ മോളെ പോറ്റുമെന്ന്‌ പറഞ്ഞാ മതിയായിരുന്നു. അത്‌ കൂലിപ്പണിയാണെന്ന്‌ പറഞ്ഞാലും ഞാനവനെ മതിച്ചേനെ. ഒന്നും വേണ്ട..നമ്മുടെ ബിസിനസ്‌ നടത്തിക്കാണിക്കാം എന്നേലും അവന്‌ പറയാമായിരുന്നു...''
വത്സല അതിനും മറുപടി പറഞ്ഞില്ല
''എടീ...അവന്‍ വെറും പാഴാ...ഒരു പെണ്ണിനെ കയ്യും കലാശവും കാണിച്ച്‌ കാര്യം സാധിക്കാനുളള മിടുക്കേയുളളു അവന്‌. കാര്യപ്പിടിപ്പില്ലാത്ത ഒരുത്തന്റെ കൈപിടിച്ച്‌ കൊടുത്താലേ അവള്‌ തെണ്ടും. അവള്‌ മാത്രവല്ല വയസാംകാലത്ത്‌ നമ്മളും തെണ്ടും. കാരണം എനിക്ക്‌ മേലാതാവുമ്പം ഇതൊക്കെ നോക്കി നടത്തണേല്‌ സാമര്‍ത്ഥ്യം വേണം. സാമര്‍ത്ഥ്യം..!!''
കുമാരന്‍ നിന്ന്‌ കിതച്ചു.വത്സല ഓടി അടുത്തു വന്ന്‌ പുറം തിരുമ്മി. അകത്തേക്ക്‌ നോക്കി വിളിച്ചു പറഞ്ഞു.
''മായേ...ഇത്തിരി ജീരകവെളളം..''
''എനിക്കൊന്നുവില്ലെടീ..''
''നിങ്ങളിരിക്ക്‌..ഇനി കുറച്ചുനേരത്തേക്ക്‌ വര്‍ത്തമാനം പറയണ്ട..''
വത്സലയ്‌ക്ക് ആധിയായി. കുമാരന്‍ സോഫയില്‍ ചാരിയിരുന്നു. വത്സല ഫാന്‍ സ്‌പീഡ്‌ കൂട്ടിയിട്ടു. സൗമിനി അകത്തു നിന്നും വന്ന്‌ അച്‌ഛന്റെ നെഞ്ച്‌ തടവി കൊടുത്തു.
''അതിനും മാത്രം ഒന്നുമില്ലെടീ...''
കുമാരന്‍ ചിരിച്ചു. മായാവല്ലി കൊണ്ടുവന്ന ജീരകവെളളം കുടിച്ചപ്പോള്‍ അയാള്‍ക്ക്‌ പാതി ആശ്വാസമായി.
അന്തരീക്ഷം തെല്ലൊന്ന്‌ ശാന്തമായപ്പോള്‍ സൗമിനി സെല്‍ഫോണില്‍ രാമുണ്ണിയെ വിളിച്ചു. ബെല്ലടിച്ച്‌ നിന്നതല്ലാതെ അയാള്‍ എടുത്തില്ല. തന്നോട്‌ ദേഷ്യമായിക്കാണുമെന്ന്‌ അവള്‍ ഊഹിച്ചു. വിളിച്ചു വരുത്തി വഴക്ക്‌ കേള്‍പ്പിച്ചത്‌ താനല്ലേ? എന്നാലും രാമുണ്ണി ഇങ്ങനൊരു കൊഞ്‌ജാറേണ്ടന്‍ ആയിപോയതില്‍ അവള്‍ക്ക്‌ മനസ്‌താപവും തോന്നി.

(തുടരും)

Ads by Google
Sunday 06 Aug 2017 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW