Saturday, July 21, 2018 Last Updated 0 Min 37 Sec ago English Edition
Todays E paper
Ads by Google

കലിപ്പ്

Aleena Mariya Varghese
Aleena Mariya Varghese
Wednesday 02 Aug 2017 09.15 PM

നാണമി​ല്ലേ നിങ്ങള്‍ക്ക് അവളെ തേപ്പുകാരി എന്നു വിളിക്കാന്‍ ?

ഗുരുവായൂരിലെ നടയില്‍വച്ച് മായ എന്ന പെണ്‍കുട്ടി കാണിച്ച ധൈര്യം മലയാളി മാതാപിതാക്കള്‍ക്കു മക്കളെക്കുറിച്ചുള്ള വിവാഹ സങ്കല്‍പ്പങ്ങള്‍ക്കു നേരെ ഉയര്‍ന്ന ഒരു മുന്നറിയിപ്പുകൂടിയാണ്. നമ്മുടെ മക്കള്‍ക്ക് ഇണയെ കണ്ടത്തേണ്ടത് ചായക്കും മിക്ചറിനും മുമ്പിലിരുന്നല്ല എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.
Kalippu

അവള്‍ മിടുക്കിയാണ്, വെറും മിടുക്കിയല്ല മിടുമിടുക്കി. മലയാളി സ്ത്രീകള്‍ ഇന്നോളം കാണിക്കാത്ത ധൈര്യം 20പോലും തികയാത്ത ആ പെണ്ണു കാണിച്ചു. അവളെ തേപ്പുകാരിയെന്നു വിളിച്ച് അവഹേളിക്കാന്‍ നാണമില്ലേ നിങ്ങള്‍ക്ക്? വീട്ടുകാരുടെയും ബന്ധുക്കളുടേയും കടുത്ത സമ്മര്‍ദംമൂലം ജാതിയുടേയും മതത്തിന്റെയും പേരില്‍ സ്‌നേഹിച്ച പുരുഷനെ കറിവേപ്പിലപോലെ തള്ളിപ്പറയുന്നവളെ വിളിക്കൂ തേപ്പുകാരിയെന്ന്. അങ്ങനെ പലരുടെയും നിര്‍ബന്ധംമൂലം ശരീരവും മനസും രണ്ടു പുരുഷന്മാര്‍ക്കായി പകുത്തു നല്‍കി നീറി നീറി പ്രണയത്തെയും വീട്ടുകാരേയും പിന്നെ സ്വയമേയും ശപിച്ചു ജീവിക്കുന്ന ലക്ഷക്കണക്കിനു തേപ്പുകാരികളുണ്ട് നമ്മുടെ നാട്ടില്‍. നൂറ്റാണ്ടുകളായി മലയാളിപ്പെണ്ണുങ്ങള്‍ പിന്തുടര്‍ന്നു വന്ന പരമ്പര്യത്തെയും കീഴ്‌വഴക്കത്തെയുമാണ് ഈ 19 കാരി ഒരു സുപ്രഭാതത്തില്‍ വെല്ലുവിളിച്ചത്.

കതിര്‍മണ്ഡപത്തില്‍വച്ചു താലിമാലയും വിവാഹ വസ്ത്രവും വരനു തിരികെ കൊടുത്ത് എനിക്ക് എന്റെ പ്രണയം ഉപേക്ഷിക്കാന്‍ കഴിയില്ല എന്നു പരസ്യമായി വിളിച്ചു പറഞ്ഞ ഗുരുവായൂരിലെ കുട്ടിയെ മലയാളിപ്പെണ്ണുകള്‍ രഹസ്യമായിട്ടെങ്കിലും അഭിനന്ദിച്ചിരിക്കും, ആരാധിച്ചിരിക്കും. അവളെ മനസിലെങ്കിലും പിന്തുണച്ചിരിക്കും. അവളുടെ ധൈര്യം കണ്ട് ഒരു നിമിഷം കണ്ണുമിഴിച്ചിട്ടുമുണ്ടാകും. ഇത്രയും പറയുമ്പോള്‍ ചിലര്‍ക്ക് സംശയം തോന്നാം ഇവള്‍ക്കിതു നേരത്തെ ആയിക്കൂടാരുന്നോ എന്ന്. നാടും വീടും ഉറങ്ങുമ്പോള്‍ പിന്നാമ്പുറത്തെ വാതിലില്‍ കൂടി ഇരുളിന്റെ മറപിടിച്ച് ഇറങ്ങിപ്പോകാന്‍ മാത്രം ദുര്‍ബലയായിരുന്നില്ല അവളിലെ പെണ്ണ് എന്നതാണ് അതിനുള്ള ഉത്തരം. വിവാഹമണ്ഡപത്തില്‍ വച്ചു, കെട്ടിയ താലി ഊരി നല്‍കി കാമുകനൊപ്പം പോകാന്‍ ധൈര്യം കാണിച്ച അവള്‍ തന്റെ പ്രണയം നടത്തിത്തരണമെന്നു ഇതിനേക്കാള്‍ എത്രയോ ശക്തമായി സ്വന്തം മാതാപിതാക്കളോട് ആവശ്യപ്പെട്ടിരിക്കും. കെട്ടാന്‍ പോകുന്ന പുരുഷനോട് എനിക്കൊരു പ്രണയമുണ്ട് എന്ന് തുറന്നു പറയാന്‍ അവള്‍ ചങ്കുറ്റം കാണിച്ചു. എന്നിട്ടും അവളുടെ മനസു കാണാത്താവരെ, തിരിച്ചറിയാത്തവരെയല്ലേ ഈ വിഷയത്തില്‍ കുറ്റപ്പെടുത്തേണ്ടത്. ഒരു പക്ഷേ ഭാരിച്ച സ്ത്രീധനത്തിന്റെ അളവു കണ്ടിട്ടാകും അതൊക്കെ പഴയകഥയല്ലെ എന്നു പറഞ്ഞ് ആ പ്രണയത്തെ വരന്‍ നിസാരവല്‍ക്കരിച്ചത്. സോഷ്യല്‍ സ്റ്റാറ്റസിന്റെ ത്രാസില്‍ തൂക്കിനോക്കിയപ്പോള്‍ തീരെ കനം കുറഞ്ഞു പോയതുകൊണ്ടാകാം പെണ്ണിന്റെ വീട്ടുകാര്‍ കാമുകനെ തള്ളിക്കളഞ്ഞത്. എന്നാല്‍ തനിക്ക് അവനല്ലാതെ മറ്റൊരാളെ ചിന്തിക്കാന്‍ കൂടി കഴിയില്ല എന്ന് ആയിരങ്ങളുടെ മുമ്പില്‍ വിളിച്ചു തെളിയിച്ചു കാണിച്ചു അവള്‍. കോടിക്കണക്കിനു മലയാളികളുടെ മുമ്പില്‍ സ്വന്തം പ്രണയത്തിനു വേണ്ടി അഭിമാനം പോലും വെടിഞ്ഞ് അവള്‍ എങ്ങനെ തേപ്പുകാരിയാകും.

ഗുരുവായൂരിലെ നടയില്‍വച്ച് മായ എന്ന പെണ്‍കുട്ടി കാണിച്ച ധൈര്യം മലയാളി മാതാപിതാക്കള്‍ക്കു മക്കളെക്കുറിച്ചുള്ള വിവാഹ സങ്കല്‍പ്പങ്ങള്‍ക്കു നേരെ ഉയര്‍ന്ന ഒരു മുന്നറിയിപ്പുകൂടിയാണ്. നമ്മുടെ മക്കള്‍ക്ക് ഇണയെ കണ്ടത്തേണ്ടത് ചായക്കും മിക്ചറിനും മുമ്പിലിരുന്നല്ല എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. അല്ലെങ്കില്‍ ജനിച്ചു വീഴുമ്പോള്‍ മുതല്‍ നിങ്ങളുടെ പെണ്‍കുട്ടികളെ പറഞ്ഞു പഠിപ്പിക്കുക ഒരിക്കലും പ്രണയിക്കരുത് എന്ന്. അതിനു കഴിയാത്തിടത്തോളംകാലം മായ ഒരു മാറ്റത്തിന്റെ തുടക്കമാണ്. സമ്പത്തിന്റെയും ജാതിയുടെയും മതത്തിന്റെയും പേരില്‍ മക്കളുടെ ഇഷ്ടങ്ങളെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കുന്ന ഓരോ മാതാപിതാക്കള്‍ക്കും ഉള്ള വെല്ലുവിളിയാണ്.

Ads by Google

കലിപ്പ്

Aleena Mariya Varghese
Aleena Mariya Varghese
Wednesday 02 Aug 2017 09.15 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW