Friday, July 20, 2018 Last Updated 1 Min 50 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Saturday 29 Jul 2017 12.36 PM

മോഡിയെ ദേശീയ നേതാവായി ആദ്യം വാഴിച്ചു; നിതീഷ്, മോഡിയെക്കാളും വലിയ തന്ത്രശാലി

uploads/news/2017/07/131859/moonamkannujuly29.jpg

'' ആഭാസന്മാരുടെ അവസാന അഭയകേന്ദ്രമാണ് രാഷ്ട്രീയം'' എന്ന് ബര്‍ണാഡ് ഷായാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞത്. മനുഷ്യന്‍ രാഷ്ട്രീയ ജീവിയും സാമൂഹിക ജീവിയും ആകുന്നതിനോടൊപ്പം തന്നെ സ്വാര്‍ത്ഥനുമാകുന്നു. അതാണ് ബര്‍ണാഡ്ഷായെ ഈ വചനത്തിന് പ്രേരിപ്പിച്ചിരിക്കുക. കോണ്‍ഗ്രസുകാര്‍ക്ക് ചൂണ്ടിക്കാട്ടാന്‍ കഴിയുന്ന വിഗ്രഹങ്ങളില്‍ ഒരാളായിരുന്ന കാമരാജ് ഇതിനെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ വിവരിച്ചിട്ടുണ്ട്.

'' രാഷ്ട്രീയം അഴുക്ക്ചാല്‍'' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. എന്തായാലും രാഷ്ട്രീയത്തില്‍ സ്വാര്‍ത്ഥതകൂടി കലരുമ്പോള്‍ അത് അഭാസന്മാരുടെ അവസാന അഭയസ്ഥാനവും അഴുക്കുചാലുമൊക്കെ ആയിതീരും. ഇന്ന് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയചലനങ്ങള്‍ ഇത് ശരിവയ്ക്കുകയുമാണ്.

രാജ്യത്തിലെ ഏക രാഷ്ട്രീയശക്തിയായ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന് ഇന്ന് രാഷ്ട്രീയമനസില്ലെന്നും ജനവികാരം ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നതുമാണ് ഈ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. യു.പിയില്‍ പ്രതിപക്ഷശക്തികള്‍ക്ക് തിരിച്ചുവരാന്‍ കഴിയാത്തതുകൊണ്ടാണ് എല്ലാവരും പ്രതിപക്ഷ ഐക്യത്തിന്റെ ശക്തിയെന്ന് വിശേഷിപ്പിച്ച നിതീഷ് വീണ്ടും മറുകണ്ടം
ചാടിയത്.

ഒരുദിവസം രാത്രി രാജിവയ്ക്കുന്നു; അടുത്തദിവസം രാവിലെ മറ്റുചിലരുടെ പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയാകുന്നു. രാജ്യസഭാതെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നിയമസഭാംഗങ്ങള്‍ കൂട്ടത്തോടെ കൂറുമാറുന്നു. അവരെ രക്ഷിക്കാന്‍ കിലോമീറ്ററുകള്‍ക്കിപ്പുറം ഒളിവില്‍ താമസിപ്പിക്കുന്നു. രാഷ്ട്രീയനാടകങ്ങള്‍ അനവധി നിരവധിയാണ് നമുക്ക് ചുറ്റും അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

രാജ്യത്തിന്റെ പ്രതിപക്ഷസ്വപ്നങ്ങളെല്ലാം ഒതുക്കിവച്ച് ആവേശത്തോടെ അധികാരത്തിന്റെ ഉത്തുംഗത്തിലേറ്റിയ വ്യക്തിയാണ് നിതീഷ്‌കുമാര്‍. എതിരാളിയില്ലാതെ ശക്തമായി മുന്നേറുന്ന മോഡിക്ക് പ്രതിയോഗി എന്ന നിലയിലാണ് എല്ലാം നഷ്ടപ്പെട്ട കോണ്‍ഗ്രസ് ഉള്‍പ്പെടെ തങ്ങളുടെ ആശയും അഭിലാഷവും ബിഹാറിലെ നിതീഷ്‌കുമാറില്‍ സമര്‍പ്പിച്ചത്. എന്നാല്‍ സ്വന്തം രാഷ്ട്രീയവളര്‍ച്ചയ്ക്ക് ആ വളങ്ങള്‍ ആയുധമാക്കി നിതീഷ് മുതലെടുക്കുകയും ചെയ്തു.

ബി.ജെ.പിക്കും മോഡിക്കുമെതിരെ ദേശീയതലത്തില്‍ പ്രതിപക്ഷസഖ്യം എന്ന നിലയിലാണ് നിതീഷിനെ കോണ്‍ഗ്രസുപോലും ഉയര്‍ത്തിക്കൊണ്ടുവന്നത്. അങ്ങനെ അന്ധമായ മോഡി പേടിയില്‍ നിതീഷിനെ വളര്‍ത്തിയപ്പോള്‍, അദ്ദേഹം മോഡിയെക്കാളും വലിയ തന്ത്രശാലിയാണെന്ന് അവര്‍ക്ക് ബോദ്ധ്യപ്പെടുത്തികൊടുക്കുകയായിരുന്നു. ബിഹാറിലെ മഹാസഖ്യത്തിന്റെ തകര്‍ച്ച, ഇന്ത്യയിലെ പ്രതിപക്ഷകൂട്ടായ്മയുടെ തകര്‍ച്ചയും കൂടിയാണ്. അങ്ങനെവരുമ്പോഴാണ് നിതീഷിന്റെ നിലപാടുമാറ്റം ചര്‍ച്ചയാ
കുന്നത്.

നിയമസഭാതെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയത്തില്‍ എത്താന്‍ കഴിയില്ലെന്ന് ബോദ്ധ്യമായിരുന്ന നിതീഷ് അന്ന് ബി.ജെ.പിയുമായുള്ള കൂട്ടുകെട്ട് ആത്മഹത്യാപരമാകുമെന്ന കണക്കുകൂട്ടലിലാണ് തന്റെ ഏറ്റവും വലിയ ശത്രുവായ ലല്ലുപ്രസാദ്‌യാദവുമായിപോലും കൂട്ടുകൂടാന്‍ തയാറായത്. തന്റെ വലിയവിമര്‍ശകനും എതിരാളിയുമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ദേശീയതലത്തിലെ സാദ്ധ്യതകള്‍ താലോലിച്ച് ലല്ലു സീറ്റ് കുറവായിട്ടുപോലും നിതീഷിനെ ബിഹാറിന്റെ മുഖ്യമന്ത്രിയാക്കാനും തയാറായത്. ഇതെല്ലാം നാടകമായിരുന്നുവെന്ന് അന്ന് ആരെങ്കിലും പറഞ്ഞെങ്കില്‍ അത് ഇന്ന് സത്യമാണ്.

രാഷ്ട്രീയം സാദ്ധ്യതകളുടെ കളിയാണ്. ആ സാദ്ധ്യതയാണ് നിതീഷ് ശരിയായി വിനിയോഗിച്ചിരിക്കുന്നതും. മോഡിയുടെ രീതികളില്‍ ആശങ്കയുള്ളതുകൊണ്ടാണ് മോഡി പ്രധാനമന്ത്രിയാകുന്നുവെന്ന് വന്നപ്പോള്‍ നിതീഷിന്റെ ഉള്ളില്‍ ആശങ്ക ശക്തമായിരുന്നു. താന്‍ പ്രതിനിധാനം ചെയ്യുന്ന ഒ.ബി.സി വിഭാഗമായ കുറുമിയുള്‍പ്പെടെ എതിരാകുമോയെന്ന ആശങ്കയാണ് അന്ന് നിതീഷിനെ മദിച്ചത്. അതുകൊണ്ടാണ് തന്റെ സാദ്ധ്യതകള്‍ തകര്‍ക്കുമോയെന്ന ആശങ്കയില്‍ നിതീഷ് എന്‍.ഡി.എയില്‍ നിന്നും വിട്ടുപോന്നത്.

എന്നാല്‍ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ മോഡി മാജിക്ക് വിജയിച്ചപ്പോള്‍ മുതല്‍ തന്നെ നിതീഷ് തന്റെ ഭാവിക്ക് വേണ്ടിയുള്ള തന്ത്രങ്ങള്‍ മെനഞ്ഞുതുടങ്ങിയതാണ്. അതിന്റെ ഭാഗമായിരുന്നു ബീഹാറിലെ മഹാസഖ്യം. മഹാസഖ്യം വിജയിച്ചാല്‍ അതിലൂടെ മുന്നോട്ടപോയി എല്ലാം കൈപ്പിടിയില്‍ ഒതുക്കാമായിരുന്നുവെന്നായിരുന്നു നിതീഷിന്റെ ചിന്ത. എന്നാല്‍ യു.പി. തെരഞ്ഞെടുപ്പാണ് എല്ലാം അട്ടിമറിച്ചത്. യു.പിയില്‍ പ്രതിപക്ഷഐക്യം ഉണ്ടായില്ലെന്ന് മാത്രമല്ല, ബി.ജെ.പിയെ തടാനും അവര്‍ക്ക് ആയില്ല.

ഇതാണ് നിതീഷിനെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. യു.പി കൈവിട്ടാല്‍ പിന്നെ ഇന്ത്യയുടെ ഭരണം എന്നത് ആര്‍ക്കും സ്വപ്നം കാണാന്‍ കഴിയില്ല. അതേസമയം യു.പിയും ബിഹാറും ലഭിച്ചാല്‍ അത് പിടിക്കാനുള്ള സാദ്ധ്യത വലുതുമാണ്. അങ്ങനെയാണ് ബി.ജെ.പിയുമായി രഹസ്യമായി നിതീഷ് തന്ത്രങ്ങള്‍ മെനഞ്ഞുതുടങ്ങിയത്. നിതീഷിലെ രാഷ്ട്രീയതന്ത്രജ്ഞന്‍ അത് രഹസ്യമായി സൂക്ഷിക്കുന്നതില്‍ വിജയിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ വിജയം.

അതിന്റെ തുടര്‍ച്ചയായിരുന്നു രാഷ്ട്രപതി തെരഞ്ഞെടുപ്പും ലല്ലുവിന്റെയും മകന്റെയും വീട്ടിലെ റെയ്ഡുമൊക്കെ. ലല്ലുവിനെതിരെ കാലിത്തീറ്റ കുംഭകോണത്തില്‍ ഏറ്റവും ശക്തമായി ആരോപണം ഉന്നയിച്ചിരുന്ന വ്യക്തിയാണ് നിതീഷ്‌കുമാര്‍. വളരെക്കാലം ലല്ലുവിനെതിരായ അദ്ദേഹത്തിന്റെ പ്രചരണം തന്നെ അതിന്റെ അടിസ്ഥാനത്തിലായിരുന്നു. ലല്ലു അഴിമതികേസിലെ പ്രതിയാണെന്നും ശിക്ഷിക്കപ്പെട്ട വ്യക്തിയാണെന്നും അറിഞ്ഞുകൊണ്ടുതന്നെയാണ് നിതീഷ് അദ്ദേഹവുമായി സഖ്യമുണ്ടാക്കിയത്.

അതുപോലെ കോണ്‍ഗ്രസ് കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നിരവധി ആരോപണം കേട്ടതാണെന്നും നിതീഷിന് നന്നായി അറിയാം. അതൊക്കെ മറന്നുകൊണ്ട് സഖ്യമുണ്ടാക്കി ഏകദേശം ഒരുവര്‍ഷത്തിലേറെ ഭരിക്കുകയും പിന്നീട് അതേകാരണങ്ങള്‍ പറഞ്ഞുകൊണ്ടുതന്നെ സഖ്യം ഒഴിയുകയും ചെയ്യുമ്പോഴാണ് അണിയറിയിലെ തിരക്കഥകള്‍ പുറത്തുവരുന്നത്.

വടക്കേ ഇന്ത്യയില്‍ ഇന്ന് രാഷ്ട്രീയം ആദര്‍ശവും ജനനന്മയുമല്ല, അത് വെറും സ്വാര്‍ത്ഥതയും കച്ചവടവുമാണ്. അതിന്റെ മകുടോദാഹരണമാണ് നിതീഷ്‌കുമാര്‍. 1974ല്‍ അദ്ദേഹം പൊതുരംഗത്ത് സജീവമാകുന്നത് മുതലുള്ള ചരിത്രം നോക്കിയാല്‍ തന്നെ ഇതിന്റെ നാള്‍വഴികള്‍ നരവധി കാണാനും കഴിയും. പരാജയങ്ങളെ തന്റേതായ രീതിയില്‍ വിജയമാക്കി മാറ്റാന്‍ കഴിയുന്നുവെന്നതാണ് നിതീഷിന്റെ വിജയം.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോഡി ഉദിച്ചുയര്‍ന്നുവന്നപ്പോള്‍ നിതീഷ് കാട്ടിയത് മുഴുവനും കാപട്യമായിരുന്നു. എന്തെന്നാല്‍ മോഡിയുടെ രാഷ്ട്രീയം ഗുജറാത്തില്‍മാത്രം ഒതുങ്ങിനില്‍ക്കേണ്ടതല്ലെന്നും അത് രാജ്യമാകെ വ്യാപിക്കേണ്ടതാണെന്നും ആദ്യം പ്രഖ്യാപിച്ച വ്യക്തി നിതീഷ് ആയിരുന്നു. 1999-2004ലെ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തെ ചരിത്രം പരിശോധിച്ചാല്‍ അത് വ്യക്തമാകും.

അന്ന് ജോര്‍ജ്‌ഫെര്‍ണാണ്ടസിന്റെ സമതാപാര്‍ട്ടിയുടെ പ്രതിനിധിയായി കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്നു നിതീഷ്. അന്ന് 1999ല്‍ ഗെയിസല്‍ ട്രെയിന്‍ അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നിതീഷ് രാജിവച്ചിരുന്നു. 2000ലെ സംസ്ഥാനതെരഞ്ഞെടുപ്പില്‍ കണ്ണുവച്ചായിരുന്നു ആ രാജി. അതിനുശേഷം വീണ്ടും കേന്ദ്രമന്ത്രിസഭയിലേക്ക് മടങ്ങിയെത്തുകയും കാലക്രമേണ വീണ്ടും റെയില്‍വേ മന്ത്രിയാകുകയും ചെയ്തു.

ആ സമയത്താണ് ഗുജറാത്ത് കലാപത്തിന് വഴിവച്ചുവെന്ന് കരുതുന്ന കുപ്രസിദ്ധമായ ഗോദ്ര ട്രെയിന്‍ തീവയ്പ് നടക്കുന്നത്. മോഡി ഗുജറാത്തിലെ മുഖ്യമന്ത്രിയായ സമയത്തുമായിരുന്നു അത്. മനുഷ്യജീവനെ അറിഞ്ഞുകൊണ്ട് ചുട്ടുകൊന്ന ആ സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുമ്പ് ചെയ്തപോലെ നിതീഷ് അന്ന് രാജിവച്ചിരുന്നില്ല. സഖ്യം ബിഹാറില്‍ വിജയകരമായി മുന്നേറുന്ന സാഹചര്യത്തില്‍ അദ്ദേഹം സ്വന്തം സ്ഥാനത്ത് തുടരുകയായിരുന്നു.

അന്ന് പ്രതിപക്ഷങ്ങള്‍ മാത്രമല്ല, പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയ് പോലും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിയെ ഈ കലാപത്തിന്റെ പേരില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ നിതീഷ് അതിന് എതിരായിരുന്നു. ഗുജറാത്തില്‍ നടന്ന ഒരു പൊതുയോഗത്തില്‍ അവിടെ കൂടിയിരുന്ന ജനകൂട്ടത്തോട് നിതീഷ് പറഞ്ഞത് ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ മറന്നിട്ട് മോഡിയെ പൂര്‍ണ്ണമായും പിന്തുണയ്ക്കാനായിരുന്നു.

മാത്രമല്ല, മോഡി ഗുജറാത്തില്‍ മാത്രം ഒതുങ്ങില്ലെന്നും ഒരുനാള്‍ അദ്ദേഹം ഇതിനെക്കാളൊക്കെ വലിയ പദവിയില്‍ എത്തി രാജ്യത്തെ സേവിക്കുമെന്നും നിതീഷ് പ്രഖ്യാപിച്ചിരുന്നു. 2010ല്‍ പാറ്റ്‌നയില്‍ നടന്ന ബി.ജെ.പിയുടെ ദേശീയ നിര്‍വാഹകസമിതിക്കിയില്‍ ഉണ്ടായ ചില സംഭവങ്ങളെത്തുടര്‍ന്നാണ് നിതീഷും മോഡിയും അകന്നത്. ചെറിയ കാര്യങ്ങളെ ചൊല്ലിയുണ്ടായ ആ അകല്‍ച്ച വലിയ കാര്യങ്ങള്‍ക്കായി ഇരുവരും ഉപേക്ഷിച്ചുവെന്ന് വേണം ഇപ്പോള്‍ കരുതാന്‍.

ഒരുദിവസം രാത്രി നിതീഷ് രാജിവയ്ക്കുന്നു, അപ്പോള്‍ തന്നെ മോഡി അതിനെ സ്വാഗതം ചെയ്യുന്നു. ഉടന്‍ തന്നെ ബി.ജെ.പിയുടെ പാര്‍ലമെന്ററിബോര്‍ഡ് യോഗം ചേരുന്നു. രാത്രി തന്നെ പിന്തുണപ്രഖ്യാപിക്കുന്നു. രാവിലെ സത്യപ്രതിജ്ഞചെയ്യുന്നു. ഇതിനെക്കാളൊക്കെ പ്രധാനം അതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എല്ലാ വിദ്വേഷങ്ങളും മാറ്റിവച്ച് നിതീഷ് മോഡിയുടെ വിരുന്നില്‍ പങ്കെടുക്കുന്നു. ഇതെല്ലാം കൂട്ടി കിഴിച്ചുനോക്കിയാല്‍ നല്ലൊരു തിരക്കഥ വായിച്ചെടുക്കാനാകും.

മോഡിയും നിതീഷും ശരിക്കും പറഞ്ഞാല്‍ ഒരു നാണയത്തിന്റെ രണ്ടുവശങ്ങള്‍ മാത്രമാണ്. തന്റെ നേതാവായ അദ്വാനിയെ ഒതുക്കി മോഡി മുന്നിലെത്തിയപ്പോള്‍ ജോര്‍ജ്‌ഫെര്‍ണാണ്ടസിനെ തന്നെ ഇല്ലാതാക്കിയാണ് നിതീഷ് ഏകശക്തിയായി വളര്‍ന്നത്. അങ്ങനെ സമാനതകള്‍ നിരവധിയാണ്. എല്ലാം നയിക്കുന്നത് ഒരിടത്തേക്ക് മാത്രം. അധികാരവും സമ്പത്തും.

ഇവിടെ നിതീഷും മോഡിയും വിജയിച്ചുകയറുമ്പോള്‍ പരാജയത്തിന്റെ കയ്പുനീര്‍ കുടിക്കുന്നുവെന്ന് മാത്രമല്ല, എഴുന്നേല്‍ക്കാനാകാതെ പടുകുഴിയില്‍ വീഴുന്നത് കോണ്‍ഗ്രസ് മാത്രമാണ്. ബി.ജെ.പിയെ നേരിടാന്‍ തങ്ങള്‍ക്കേ കഴിയുവെന്ന് പറയുന്നവരുടെ നിലനില്‍പ്പുതന്നെ അപകടത്തിലാണ്. വ്യക്തമായ ഒരു തീരുമാനം എടുക്കാന്‍ പോലുമുള്ള രാഷ്ട്രീയ തന്ത്രജ്ഞതയോ, അനുഭവപരിചയമോ ജനവികാരം അറിയാനുള്ള വഴിയോ ഇന്ന് ആ പാര്‍ട്ടിക്കില്ല.

അതാണ് ഓരോ സമയത്തും കൈക്കൊള്ളുന്ന ഇത്തരം മണ്ടന്‍ തീരുമാനങ്ങള്‍. അല്‍പ്പം കരുത്തുളള ജില്ലകളില്‍ പോലും ഒന്നൊന്നായി നശിച്ചുകൊണ്ടിരിക്കുമ്പോഴും സ്വന്തം സംഘടനയെ ശക്തിപ്പെടുത്താനോ അടിത്തറയിലുള്ള പ്രവര്‍ത്തനം നടത്താനോ തയാറാകാതെ പ്രസ്താവനകളില്‍ ജീവിക്കുയും അതിലൂടെ വളരുകയും പിന്നീട് ഇത്തരത്തില്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ എറിയേണ്ട ചിലരെ പുണര്‍ന്ന് അവര്‍ക്ക് പാരിജാതമാലകള്‍ ചാര്‍ത്തി ദേവരാജാക്കന്‍മാരായി അവതരിപ്പിക്കുയും ചെയ്ത് സ്വയം മരണം വരിക്കുകയാണ് ആ പാര്‍ട്ടി. ഇനിയെങ്കിലും മാറി ചിന്തിച്ചില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പോലെ ഇന്ത്യ പ്രതിപക്ഷമില്ലാത്ത രാജ്യമായി മാറും.

Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Saturday 29 Jul 2017 12.36 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW