Saturday, July 21, 2018 Last Updated 3 Min 54 Sec ago English Edition
Todays E paper
Ads by Google

ചുറ്റുവട്ടം

Sreeparvathy
Sreeparvathy
Tuesday 25 Jul 2017 01.36 PM

ദളിത് രാഷ്ട്രീയം വാചാടോപം മാത്രമോ?

വിനായകന് ലഭിച്ച ഓരോ മര്‍ദ്ദനവും ദളിത് രാഷ്ട്രീയം പ്രസംഗിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനത്തിന് ലഭിക്കുന്ന തിരു മുറിവുകളാണ്. മറ്റേതൊരു രാഷ്ട്രീയ പാര്‍ട്ടിയെയും പോലെയല്ല, ഇടതുപക്ഷത്തിന് ദളിത് എന്നും രാഷ്രീയം എന്നും ഒക്കെയുള്ള വാക്കുകള്‍. സോഷ്യലിസം ഇപ്പോഴും സ്വപ്നം കാണുന്ന മാനവികത ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം കമ്മ്യൂണിസ്റ്റുകള്‍ക്കും ദളിത് രാഷ്ട്രീയം എന്നാല്‍ അവനവന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. അതുകൊണ്ടു തന്നെ അതേ മന്ത്രിസഭാ അധികാരത്തിലിരിക്കുമ്പോള്‍ നീതി അര്‍ത്ഥപൂര്‍ണമാകണം. വിനായകന് മരണശേഷമെങ്കിലും നീതി ലഭിച്ച തീരൂ!!!
Chuttuvattam

ദളിത് രാഷ്ട്രീയം എന്ന ഒരു വാക്ക് കുറച്ചു ദിവസമായി ആലോചനയിലുണ്ട്. ദളിത് വിഭാഗത്തില്‍ പെട്ടവര്‍ക്ക് തൊട്ടു നോക്കാന്‍ പോലും കഴിയാത്ത രാഷ്ട്രീയം എന്ന വാക്കിനെ അതിനൊപ്പം ചേര്‍ത്ത് വെച്ചവര്‍ എന്തായാലും കാടടച്ച് വെടി വയ്ക്കുന്നവര്‍ തന്നെ. ഏറ്റവും ഒടുവില്‍ കേട്ടതും വേദനിപ്പിച്ചതും ആ വാക്ക് ഒരു മരണത്തിനൊപ്പം കൂട്ടി ചേര്‍ത്ത് വായിച്ചപ്പോഴായിരുന്നു. വിനായകന്‍ എന്ന പേര് കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെയും അതുവഴി സംസ്ഥാനത്തെ മികച്ച നടനുള്ള പുരസ്‌കാരത്തിലൂടെയും ചരിത്രത്തില്‍ എഴുതി വയ്ക്കുമ്പോള്‍ അതേ പേരുള്ള മറ്റൊരു വിനായകനെ ചരിത്രം അടയാളപ്പെടുത്തുന്നത് കൃത്യമായും ദളിത് രാഷ്ട്രീയം എന്ന പദം വച്ച് തന്നെയാണ്. കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളൂ വിനായകന്‍ എന്ന ദളിത് വിദ്യാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും അതിക്രൂരമായി മര്‍ദ്ദിക്കുകയും അതിനൊടുവില്‍ വിനായകന്‍ ആത്മഹത്യ ചെയ്യുകയും ചെയ്തിട്ട്.

എന്തിനു ഈ വിഷയത്തില്‍ ദളിതവത്കരണം കൊണ്ട് വരണം എന്ന് ചോദിച്ചാല്‍ മറ്റൊരു അനുഭവം പറയണം. കമ്മട്ടിപ്പാടത്തില്‍ വിനായകനൊപ്പം അഭിനയിച്ച മണികണ്ഠന്‍ (ബാലന്‍) എന്ന താരത്തിന്റെ കൊച്ചി അനുഭവങ്ങള്‍ അദ്ദേഹം ഒരിക്കല്‍ സംസാരിക്കുന്നത് കേള്‍ക്കുകയുണ്ടായി. അദ്ദേഹത്തിന്റെ നിറവും ശൈലിയും അത്തരത്തില്‍ ആയതിനാല്‍ രാത്രിയില്‍ ബൈക്കില്‍ കൊച്ചിയിലെ റോഡിലൂടെ പോകുമ്പോള്‍ പലപ്പോഴും പോലീസിനെ ഭയന്നിരുന്ന അവസ്ഥ. ഒരുപക്ഷെ പോലീസ് തടഞ്ഞു നിര്‍ത്തുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ലെങ്കില്‍ പോലും മറ്റുള്ളവരുടെ അനുഭവങ്ങള്‍ അറിയുമ്പോള്‍ സ്വയം തോന്നുന്ന മാനസികാവസ്ഥയുടെ പ്രതിഫലനം ആകാം പോലീസിനെ കാണുമ്പോള്‍ ഉള്ള ഭയം. സമൂഹത്തിന്റെ നേര്‍ പതിപ്പാണ് പോലീസും. നിറം കുറഞ്ഞവരെ കാണുമ്പോള്‍ അവരെ കൃത്യമായി നമ്മള്‍ വിലയിരുത്തും. പഠിപ്പില്‍ കുറഞ്ഞവര്‍, സര്‍വ്വവിധ കൊള്ളരുതായ്മയും ചെയ്യുന്നവര്‍, അടുക്കാനും സ്‌നേഹിക്കാനായും കൊള്ളാത്തവര്‍, അങ്ങനെയൊക്കെ അവര്‍ മുദ്രകുത്തപ്പെട്ടിരിക്കുന്നു. എത്ര സംവരണം ഉള്ളപ്പോഴും സഹപാഠികളാല്‍ അവന്‍ അവഗണിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്നുണ്ട്. സഹപ്രവര്‍ത്തകരാല്‍ തരം താഴ്ത്തപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ വായിക്കപ്പെട്ട ജയമോഹന്റെ 'നൂറു സിംഹാസനങ്ങള്‍' എന്ന നോവല്‍ ഇതേ കുറിച്ച് വ്യക്തമായ ഒരു ചിത്രം നല്‍കുന്നുണ്ട്. ദളിതനായ ഒരു ഉദ്യോഗസ്ഥന്‍ മുകള്‍ സ്ഥാനത്ത് വരുമ്പോള്‍ അയാളുടെ സഹപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന അസ്വസ്ഥതകള്‍, പലതും തോന്നലുകള്‍ ആണെങ്കില്‍ പോലും ആ തോന്നലുകളിലേയ്ക്ക് അയാള്‍ എത്തി ചേരുന്ന സാഹചര്യങ്ങള്‍... അങ്ങനെ ഒരു സമൂഹം, ഇവിടെ അടിമത്തവും വര്‍ണവിവേചനവും അവസാനിച്ച് ശതാബ്ദങ്ങള്‍ കഴിയുമ്പോഴും നിലനില്‍ക്കുന്നു എന്നതാണ് ഇപ്പോള്‍ വിനായകന്‍ എന്ന ചെറുപ്പക്കാരന്‍ നല്‍കുന്ന പാഠം.

വഴിവക്കില്‍ ഒരു പെണ്‍കുട്ടിയോട് സംസാരിച്ചു നിന്നതിനു ഒരു യുവാവ് അറസ്റ്റു ചെയ്യപ്പെടുക, പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും ചാരാതെ തന്നെ അതിക്രൂരമായി പോലീസുകാരാല്‍ മര്‍ദ്ദിക്കപ്പെടുക, അതിന്റെ ആഘാതം താങ്ങാന്‍ കഴിയാതെ ആ യുവാവ് ആത്മഹത്യ ചെയ്യുക! ദളിത് മുന്നേറ്റത്തെ ഏറ്റവുമധികം ഔന്നത്യവത്കരിക്കുന്ന ഇടതുമുന്നണി ഭരിക്കുമ്പോള്‍ ഒരുപക്ഷെ ഒരിക്കലും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ഒരു ആത്മഹത്യ തന്നെയായിരുന്നു അത്. പക്ഷെ അപ്പോഴും ഇടതുപക്ഷം ദളിതവത്കരണത്തെ അവരുടെ ഔന്നത്യമുള്ള പദവിയെ അനുകൂലിക്കുന്നുവോ എന്ന ചോദ്യത്തിന് ആലോചിച്ച് നില്‍ക്കേണ്ടി വരും. കാരണം ദളിത് എന്നാല്‍ അതിനു ഒപ്പമുള്ള രാഷ്ട്രീയത്തിന് തന്നെയാണ് ഇവിടെ പ്രസക്തി. രാഷ്ട്രീയത്തെ കുറിച്ചൊന്നും ഏറെ ചിന്തിക്കാത്ത ഒരു സാധാരണ പൗരന്റെ ചിന്തകള്‍ വിനായകനും തൊട്ടു മുന്‍പ് ചെന്ന് നിന്നത് ഇന്ത്യയുടെ പ്രഥമ പൗരനിലേക്കാണ്. റാം നാഥ് കോവിന്ദ് എന്ന വ്യക്തി ഇന്ത്യയുടെ പതിനാലാമത്തെ രാഷ്ട്രപതിയാകുമ്പോള്‍ കേരളത്തില്‍ നിന്നും അദ്ദേഹത്തിന് ലഭിച്ച വോട്ടിന്റെ എണ്ണം ഒന്ന്. റാം നാഥ് കോവിന്ദ് തങ്ങളുടെ വിശ്വാസത്തിനു എതിരെ നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗമായതിനാല്‍ തന്നെ കേരളത്തിലെ ഭരണ പക്ഷവും പ്രതിപക്ഷവും അദ്ദേഹത്തെ തഴഞ്ഞു. ഇവിടെ ദളിത് എന്ന വിഭാഗത്തിനായിരുന്നില്ല, അതിനൊപ്പം ഉയര്‍ന്നു നിന്ന രാഷ്ട്രീയത്തിന് തന്നെയായിരുന്നു പ്രസക്തി. അപ്പോള്‍ ഒരു കാര്യം വ്യക്തം എത്ര ദളിതവത്കരണത്തെ കുറിച്ച് ഉറക്കെ പറയുമ്പോഴും ഇവിടെ അത് ഫലപ്രദമായി നടപ്പാകുന്നുണ്ടോ? അതിലെ രാഷ്ട്രീയം തന്നെയല്ലേ എപ്പോഴും വിജയിക്കപ്പെടുന്നത്?

വിനായകന് മരണശേഷമെങ്കിലും നീതി ലഭിക്കണം. ആ നീതിയ്ക്ക് വിനായകന്റെ മാതാപിതാക്കള്‍ക്ക് ഉറപ്പായും അവകാശമുണ്ട്. ലിംഗ സമത്വത്തിനായും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായും ഒക്കെ പട പൊരുതുമ്പോള്‍ ഒരിക്കലും മാറാത്ത മനുഷ്യന്റെ മനോനിലയെ കുറിച്ച് എന്തുകൊണ്ടാകാം ഇവിടെ ചര്‍ച്ചകള്‍ ഉണ്ടാകാത്തത്. സംവരണം അത് അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ എന്നതും പ്രശ്‌നം തന്നെ. എത്ര നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും വര്‍ണവിവേചനത്തിന്റെ അലങ്കാര തൊങ്ങലുകള്‍ നമ്മെ വിട്ടൊഴിയാത്തത് എന്തുകൊണ്ടാണ്? രാഷ്ട്രീയമായ പ്രതിരോധ മാര്‍ഗ്ഗമായി മാത്രം വര്‍ഗ്ഗങ്ങള്‍ മാറുമ്പോള്‍ അവരവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം ഉപയോഗിക്കപ്പെടുന്ന പാവകളായി ചില വര്‍ഗ്ഗങ്ങള്‍ മാറപ്പെടുന്നു. രാഷ്ട്രീയപരമായ ആവശ്യങ്ങള്‍ക്കപ്പുറം അവരെ നിതാന്തമായ അവസ്ഥയില്‍ നിന്ന് ഉയര്‍ത്തിക്കൊണ്ടു വരാനോ അവരെ മനുഷ്യരെന്ന പരിഗണന നല്‍കി ജീവിക്കാന്‍ അനുവയ്ക്കാനോ ആര്‍ക്കും താല്‍പ്പര്യമില്ല. ആദിവാസി ഗോത്രങ്ങളുടെ അനുഭവങ്ങളും മറിച്ചല്ല. ലഭിക്കേണ്ട അടിസ്ഥാനപരമായ സൗകര്യങ്ങള്‍ പോലും ഒഴിവാക്കപ്പെടുന്ന വിഭാഗമാണ് അവര്‍ എന്നതും മറക്കാനാകില്ല. പക്ഷെ സാധാരണക്കാരെന്നു വിവക്ഷിക്കുന്ന മാനുഷിക സമൂഹത്തില്‍ നില്‍ക്കുമ്പോഴും മറ്റുള്ളവരാല്‍ അവഗണിക്കപ്പെടുന്ന മനുഷ്യന്‍ ലോകത്തിന്റെ വേദനയാകുന്നു. അവനില്‍ നിന്ന് പുറപ്പെടുന്ന രോഷാഗ്‌നിയ്ക്ക് കാലത്തെയും എരിച്ചു കളയാനുള്ള ശേഷിയുണ്ടാകും. വിനായകന് ലഭിച്ച ഓരോ മര്‍ദ്ദനവും ദളിത് രാഷ്ട്രീയം പ്രസംഗിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനത്തിന് ലഭിക്കുന്ന തിരു മുറിവുകളാണ്. മറ്റേതൊരു രാഷ്ട്രീയ പാര്‍ട്ടിയെയും പോലെയല്ല, ഇടതുപക്ഷത്തിന് ദളിത് എന്നും രാഷ്രീയം എന്നും ഒക്കെയുള്ള വാക്കുകള്‍. സോഷ്യലിസം ഇപ്പോഴും സ്വപ്നം കാണുന്ന മാനവികത ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം കമ്മ്യൂണിസ്റ്റുകള്‍ക്കും ദളിത് രാഷ്ട്രീയം എന്നാല്‍ അവനവന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. അതുകൊണ്ടു തന്നെ അതേ മന്ത്രിസഭാ അധികാരത്തിലിരിക്കുമ്പോള്‍ നീതി അര്‍ത്ഥപൂര്‍ണമാകണം. വിനായകന് മരണശേഷമെങ്കിലും നീതി ലഭിച്ച തീരൂ!!! നിറവും ജാതിയും നോക്കി ഒരു മനുഷ്യന്റെ ജോലിയും നിലപാടും ഊഹിക്കുന്ന ഒരു വൃത്തികെട്ട സമൂഹത്തിന്റെ പ്രതിനിധികള്‍ കുറഞ്ഞത് ഔദ്യോഗിക സ്ഥാപനങ്ങളിലെങ്കിലും ഉണ്ടാകാതെയും ഇരിക്കട്ടെ ...

Ads by Google

ചുറ്റുവട്ടം

Sreeparvathy
Sreeparvathy
Tuesday 25 Jul 2017 01.36 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW