Friday, February 22, 2019 Last Updated 4 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jul 2017 02.13 PM

200 ന്റെ നിറവില്‍ സിഎംഎസ്

uploads/news/2017/07/129778/Weeklycampus220717.jpg

ഏതൊരുമനുഷ്യമനസ്സിലും സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒരായിരം നന്മകള്‍ വിരിയിച്ച ഒരേയൊരു ഇടം.

ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ഈ കലാലയമാണെന്ന് വിളിച്ചുപറയാന്‍ മടിയില്ലാത്ത വിദ്യാര്‍ത്ഥികള്‍, വിശാലമായ ക്യാമ്പസ് ഇതൊക്കെത്തന്നെയാണ് സി.എം.എസ് കലാലയത്തെക്കുറിച്ചുള്ള ചുരുക്കം ചില സവിശേഷതകള്‍.

സി.എം.എസ് എന്ന കലാലയമുത്തശ്ശി


കോട്ടയം പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സി.എം.എസ്. എന്ന കലാലയമുത്തശ്ശിയുടെ മടിത്തട്ടിലേക്ക് വരുമ്പോള്‍ കാറ്റാടിമരങ്ങളിലൂടെയും ഗുല്‍മോഹര്‍ മരങ്ങളിലൂടെയും ഒഴുകിയെത്തുന്ന നനുത്ത കാറ്റ് ഓരോരുത്തരുടെയും മനസ്സിന് കുളര്‍മ്മയേകുന്ന ഒരനുഭവം തന്നെയാണ്.

മറ്റുകോളേജുകളില്‍ നിന്നും സി.എം.എസിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ കാലപ്പഴക്കം തന്നെയാണ്. കേരളത്തിലെ ആദ്യത്തെ കോളേജ് എന്ന ബഹുമതി സി.എം.എസ്.കോളേജിന് അവകാശപ്പെട്ടതാണ്.ബ്രിട്ടീഷ് മിഷണറിമാരുടെ കരവിരുതിന്റെ അപൂര്‍വ്വ സൃഷ്ടികളില്‍ ഒന്നായ സി.എം.എസ്. കോളേജ് മഹിമയോടെ തിളങ്ങിനില്‍ക്കുന്നു.

മറ്റു ക്യാമ്പസുകളില്‍ നിന്നും വ്യത്യസ്തമായതും കുളിര്‍മ്മയുടെ ഹരിതഭംഗിയാലും ഒട്ടനവധി അപൂര്‍വ്വ വൃക്ഷങ്ങളാലും ഔഷധസസ്യങ്ങളാലും സമൃദ്ധമാണ് സി.എം.എസ് േകാളേജിന്റെ ഓരോ ഭാഗവും. ക്യാമ്പസിലെ ഗോവളര്‍ത്തല്‍ സി.എം.എസിന്റെ മൃഗങ്ങളോടുള്ള സ്‌നേഹത്തെയും വാത്സല്യത്തെയും ചൂണ്ടിക്കാണിക്കുന്നു.

മനുഷ്യമനസ്സിനെ ആത്മീയതയിലേക്കും അച്ചടക്കത്തിലേക്കും നയിക്കുന്നതിന് വേണ്ടി വര്‍ഷങ്ങളോളം പഴക്കമുള്ള മാതൃകാപരമായ ദേവാലയം ഈ കോളേജിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്നു.

അറിവിന്റെ അനന്തസാധ്യതകളിലേക്ക് നയിക്കുന്ന വിജ്ഞാനപ്രദമായ പുസ്തകങ്ങളുടെ വന്‍ശേഖരം തന്നെ കോളേജ് ലൈബ്രറിയിലുണ്ട്. അതുപോലെ തന്നെ പ്രണയത്തിന്റെ വഴികള്‍ തുറന്നുനല്‍കുന്ന Lovers path ഈ കോളേജിന്റെ മാത്രം പ്രത്യേകതയാണ്.

ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത സവിശേഷതകളാല്‍ സി.എം.എസ്.കോളേജ് മറ്റു ക്യാമ്പസുകളില്‍ നിന്നും വേറിട്ടുനില്‍ക്കുന്നു.

----- ഡോ.സുമി മേരി തോമസ് , അസിസ്റ്റന്റ് പ്രൊഫസര്‍

ചരിത്രത്താളുകളില്‍ സി.എം.എസ്


1817 ല്‍ ലണ്ടനിലെ ചര്‍ച്ച് മിഷന്‍ സൊസൈറ്റി സ്ഥാപിച്ച ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ കോളേജാണ് സി.എം.എസ്.

വിദ്യാഭ്യാസത്തിന് ജാതിയുടെ അതിര്‍വരമ്പുകള്‍ തീര്‍ത്ത കാലഘട്ടത്തില്‍, അറിവിന്റെ മഹാസാഗരം ഒരു ദേശത്തിന് മുന്നില്‍ തുറന്നിട്ട മഹത്തായ പാരമ്പര്യമുറങ്ങുന്ന ഈ കലാലയത്തിന്റെ പെരുമ ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ എഴുതപ്പെട്ടിട്ടുണ്ട്.

19 ാം നൂറ്റാണ്ടില്‍ സവര്‍ണ്ണാധിപത്യത്തിനെതിരെ പോരാടാന്‍ സമൂഹത്തിലെ താഴെത്തട്ടിലുള്ളവരെ വിദ്യാഭ്യാസത്തിലൂടെ കൈപിടിച്ചുയര്‍ത്തിയ സി.എം.എസ്. കോളേജ് , ഇന്ന് ദ്വിശതാബ്ദിയുടെ നിറവില്‍ കോട്ടയം നഗരത്തില്‍ തലയുയര്‍ത്തിനില്‍ക്കുന്നു.
----- രഞ്ചു രാമചന്ദ്രന്‍, പ്രൊഫസര്‍

uploads/news/2017/07/129778/Weeklycampus220717a.jpg

വിട പറഞ്ഞ നാള്‍


ആറ്റുവക്കില്‍ ചിതറിത്തുടങ്ങിയ മഴ
നാട്ടുവഴിയിലേക്ക് കടന്ന്
ആല്‍ത്തറയിലൂടെ പാറക്കുരിശിലൂടെ
വലിയ വളവിലെ മുത്തശ്ശി മാവും കടന്ന്
ഇറയത്ത്, മഴമേഘങ്ങളെ നോക്കിയിരുന്ന എന്റെ
ജാലകത്തിന് പുറത്ത് പെയ്തുകൊണ്ടേ ഇരിക്കുന്നു.
അന്നത്തെ മഴയില്‍
ചേനത്തണ്ടന്‍ കുടചൂടി
തൊടിയിറങ്ങിപ്പോയ പെണ്ണേ
നിന്റെ മുഖം ഇനിയും ഞാന്‍ മറന്നിട്ടില്ല.

------- അഭിജിത്ത് ജഗന്നാഥന്‍, ചരിത്രം, മൂന്നാം വര്‍ഷം

പ്രണയമഴ


വരാനിരിക്കുന്ന മഴക്കാലവും
പേമാരിയും ഒന്നും എനിക്ക് ഒന്നുമല്ല
കാരണം എനിക്ക് വേണ്ടത്
നീയെന്ന മഴത്തുള്ളിയെ ആണ്.

----- അമ്മു രാഹുല്‍ , പൂര്‍വവിദ്യാര്‍ഥി

ഗന്ധം


കൈക്കുമ്പിളിലിരുന്ന പൂവിതള്‍
ദുര്‍ഗന്ധം പരത്തിയപ്പോള്‍
ഞാനതിനെ വലിച്ചെറിഞ്ഞു
എന്നാല്‍ മറ്റുള്ളവരുടെ കണ്ണില്‍
ദുര്‍ഗന്ധം പൂവിനല്ലായിരുന്നു....
എന്റെ കൈകള്‍ക്കായിരുന്നു....

------ മിഥിലാ മുരളി, പൂര്‍വവിദ്യാര്‍ഥി

Ads by Google
Saturday 22 Jul 2017 02.13 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW