Saturday, June 23, 2018 Last Updated 16 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jul 2017 12.57 AM

വിജയി

uploads/news/2017/07/125787/1.jpg

വിളമ്പിവച്ച ചോറിനു മുന്നില്‍ സിമെന്റ്‌ നിലത്തിരുന്നപ്പോള്‍ മനസില്‍ മരവിപ്പായിരുന്നു. ആദ്യ ഉരുളപോലും ഇറക്കാനായില്ല. വായിലേക്ക്‌ വച്ചയുടന്‍ ഓക്കാനിച്ചു. മുന്നിലിരിക്കുന്ന ചോറുവറ്റുകള്‍ക്കിടയില്‍ പുഴുക്കള്‍ അരിക്കുംപോലെ... മനസ്‌ വല്ലാതെപിടച്ചു. കല്ലും മണ്ണും ചുമന്ന്‌ ജീവിതത്തോട്‌ പൊരുതുമ്പോള്‍ വിശപ്പിന്റെ വില ആവോളമറിഞ്ഞിട്ടും വിജിക്ക്‌ അന്ന്‌ അത്താഴമുണ്ണാനായില്ല. വെള്ളം കുടിച്ച്‌ കിടന്നു. വിശപ്പും ദാഹവുമൊന്നും അലട്ടിയില്ല. കണ്ണടച്ചപ്പോഴൊക്കെ ഷൊര്‍ണൂര്‍ റെയില്‍വേ പാലത്തിനടിയിലെ കാഴ്‌ചയായിരുന്നു മുന്നില്‍.
പതിനഞ്ചാം വയസില്‍ വിവാഹിതയായപ്പോള്‍ രണ്ടുവര്‍ഷംകൊണ്ട്‌ ജീവിതയാഥാര്‍ഥ്യങ്ങളെ ഒറ്റയ്‌ക്ക് നേരിടേണ്ടിവരുമെന്ന്‌ വിജി കരുതിയിരുന്നില്ല. ഭര്‍ത്താവ്‌ ഉപേക്ഷിച്ചപ്പോള്‍ മകള്‍ക്ക്‌ ഒരുവയസും മകന്‌ മൂന്നുമാസവും പ്രായം. ജീവിതം എങ്ങനെ മുന്നോട്ടുപോകുമെന്നറിയാതെ രണ്ടുകുഞ്ഞുങ്ങളെയും മാറോടുചേര്‍ത്തുപിടിച്ച്‌ പതിനേഴുകാരി പകച്ചുനിന്നു. മക്കളെപോറ്റാന്‍ കൂലിപ്പണിയായിരുന്നു മാര്‍ഗം. തളര്‍ന്നില്ല. കല്ലും മണ്ണും ചുമന്നു. ഏതുപണിയും ചുറുചുറുക്കോടെ ചെയ്‌ത് ജീവിതത്തോട്‌ പടവെട്ടി. ചെറുതുരുത്തി അത്തിക്കപറമ്പ്‌ പി.സി. ലൈന്‍വീട്ടില്‍ ഇരട്ടക്കുളത്ത്‌ വാടകയ്‌ക്ക് കഴിയുന്ന വിജി(43)യുടെ ജീവിതയാത്ര തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌.
പണിയെടുത്ത്‌ കുടുംബം നടത്തിവരുന്നതിനിടെ വിജിയുടെ ജീവിതംമാറ്റിയ സായാഹ്നം കഴിഞ്ഞ ഓഗസ്‌റ്റിലാണ്‌. ഷൊര്‍ണൂര്‍ തെരുവിലെ പണികഴിഞ്ഞ്‌ വരുമ്പോള്‍ റെയില്‍വേ പാലത്തിനടിയില്‍ ഒരാളെ പതിവായി കാണുമായിരുന്നു. അന്നത്തെ കാഴ്‌ച പക്ഷേ, ഹൃദയത്തെ പിടിച്ചുകുലുക്കി. പാലത്തിനടിയിലെ അഴുക്കുചാലില്‍ പുഴുവരിക്കുന്ന അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്നും ആര്‍ത്തിയോടെ ആഹാരം കണ്ടെത്തുന്ന അയാളുടെ രൂപം വല്ലാതെ മനസിലേക്ക്‌ ഇരച്ചുകയറി. അതു കഴിക്കേണ്ടെന്ന്‌ പറഞ്ഞുനോക്കി. അയാള്‍ തറപ്പിച്ചൊന്നു നോക്കുകമാത്രം ചെയ്‌ത് വീണ്ടും വാരിതിന്നു. ഓക്കാനിക്കാനാണ്‌ തോന്നിയത്‌. തടയാന്‍ ശ്രമിച്ചാല്‍ ആക്രമിക്കുമോ എന്നു ഭയപ്പെട്ടു. അയാള്‍ അത്രയ്‌ക്ക് വിശപ്പ്‌ അനുഭവിക്കുംപോലെ തോന്നി. കണ്ടുനില്‍ക്കാനായില്ല, തിരിഞ്ഞു നടന്നു.
അന്നുരാത്രി വെളുപ്പിച്ചെടുത്തത്‌ വിജിക്കു മാത്രമേ അറിയു. രാവിലെ നേരെപോയത്‌ ചെറുതുരുത്തിയിലെ ബാങ്കിലേക്കാണ്‌. അക്കൗണ്ടില്‍ 3000 രൂപയുണ്ടെന്ന്‌ അറിഞ്ഞപ്പോള്‍ നിധി കിട്ടിയ സന്തോഷമായിരുന്നു. പണവുമായി ഷൊര്‍ണൂരിലെത്തി. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തും നിലമ്പൂര്‍ ലൈന്‍ ഭാഗങ്ങളിലുമായി അലഞ്ഞുതിരിയുന്നവരെ നേരില്‍കണ്ടു ക്ഷണിച്ചു. ഉച്ചയ്‌ക്ക് എല്ലാവരും കൊച്ചിന്‍പാലത്തിനു താഴെവരണം. നിങ്ങള്‍ക്കായി ഭക്ഷണം ഒരുക്കും. പാലത്തിനടിയില്‍ കല്ലുകൂട്ടി അടുപ്പുണ്ടാക്കി ചോറും കറിയും തയ്യാറാക്കി. കുറേപേരൊക്കെ വന്നു അവര്‍ക്ക്‌ മതിയാകുവോളം വിളമ്പിയപ്പോഴാണ്‌ മനസിലെ വിങ്ങല്‍ കുറച്ചെങ്കിലും ശമിച്ചത്‌.
ഞായറാഴ്‌ച ഒഴിവുദിനമല്ല

വീടിനടുത്തായാലും കുടുംബത്തിലായാലും ഞായറാഴ്‌ചകളിലെ വിശേഷങ്ങളിലൊന്നും വിജിയുടെ സാന്നിധ്യമുണ്ടാവില്ല. അതു ജനനമായാലും മരണമായാലും വിവാഹമായാലും ഞായറാഴ്‌ച പകല്‍സമയം വിജിയെ പ്രതീക്ഷിക്കരുത്‌. വിജിയെ അടുത്തറിയുന്നവരാരും ഇപ്പോള്‍ അതില്‍ പരിഭവിക്കാറില്ല. കാരണം വിജിയെ സംബന്ധിച്ചിടത്തോളം ഞായറാഴ്‌ച വെറും ഒഴിവുദിനമല്ല.
തെരുവിലെ ജീവിതങ്ങളുടെ ഒരു നേരത്തെ വിശപ്പടക്കാന്‍ തെരഞ്ഞെടുത്ത ദിവസമാണ്‌ ഞായര്‍. ഷൊര്‍ണൂരിലെ കൊച്ചിന്‍ പാലത്തിനടിയില്‍ വിജി എന്ന സാധാരണക്കാരിലും സാധാരണക്കാരിയായ വീട്ടമ്മ വെച്ചുവിളമ്പുന്ന ദിവസം. വിശപ്പിന്റെ വിലയറിയുന്നവര്‍ ഞായറാഴ്‌ചകളില്‍ അവിടെ കാത്തുനില്‍ക്കുമ്പോള്‍ ആഘോഷംകൂടാനുള്ള മനസില്ല ഇവര്‍ക്ക്‌. കഴിഞ്ഞ ഒരുവര്‍ഷത്തോളമായി വിജിയുടെ ഞായറാഴ്‌ച കൊച്ചിന്‍പാലത്തിന്‌ അടിയിലാണ്‌.
പാവങ്ങള്‍ക്ക്‌ ആഴ്‌ചയില്‍ ഒരിക്കലാണെങ്കിലും അന്നം ഊട്ടിതുടങ്ങിയതോടെ വിജിയുടെ ജീവിതത്തിലും മാറ്റങ്ങള്‍ വന്നുതുടങ്ങി. രണ്ടുമാസം പിന്നിട്ടപ്പോള്‍ തന്നെ സുഹൃത്തുമുഖേന മകന്‍ സുനില്‍ ദുബായിലേക്ക്‌ പറന്നു. അവിടെ ഡ്രൈവറുടെ വിസയാണ്‌ ശരിയായത്‌. ജീവിതം പച്ചപിടിപ്പിക്കാന്‍ മകന്‍ ആദ്യമായി കടല്‍ കടന്നതും ഒരു ഞായറാഴ്‌ചയായിരുന്നു. അതിനാല്‍ വിമാനം കയറുന്നിടംവരെ കൊണ്ടുചെന്നാക്കാന്‍ പോലും വിജി പോയില്ല. അവര്‍ അന്നും പാലത്തിനടിയിലെ വിറകടുപ്പിനരികില്‍ തീയൂതി നിന്നു.
എല്ലാ ഞായറാഴ്‌ചയും രാവിലെ എട്ടരയോടെ സാധനങ്ങളും വാങ്ങി വിജിയെത്തും. വൈകിട്ട്‌ നാലുമണിയെങ്കിലും ആവും മടങ്ങാന്‍. മകള്‍ സുമിത്രയും മരുമകന്‍ രമേഷിന്റെ ബന്ധുക്കളും സഹായിക്കാനെത്തും. എല്ലാം പാകംചെയ്‌തുകഴിഞ്ഞ്‌ കൃത്യം ഒരുമണിക്ക്‌ ചോറും കറിയും വിളമ്പും. അതുകണക്കാക്കി നിരവധി പേര്‍ നേരത്തെതന്നെ പാലത്തിനടിയിലെത്തും. ചോറു നല്‍കിത്തുടങ്ങിയാല്‍ ആരും പറയാതെതന്നെ അവര്‍ ഒരുവരിയായി മാറും. നിശബ്‌ദരായി ചോറും കറിയും വാങ്ങി സമീപത്തിരുന്നു കഴിക്കും.
പേപ്പര്‍ പ്ലേറ്റും ഗ്ലാസുമാണ്‌ ഭക്ഷണം നല്‍കാന്‍ ഉപയോഗിക്കുന്നത്‌. ഇവയെല്ലാം ഒരു ചാക്കില്‍ ശേഖരിച്ച്‌ കത്തിച്ചുകളഞ്ഞ ശേഷമേ തിരികെ പോകൂ. പാലത്തിനടിയില്‍ ഭക്ഷണം ഉണ്ടാക്കുന്ന സ്‌ഥലത്ത്‌ ശനിയാഴ്‌ച തന്നെ വന്ന്‌ ചാണകം മെഴുകി വൃത്തിയാക്കും. ശനിയാഴ്‌ച അതിനാല്‍ മറ്റു ജോലികള്‍ക്ക്‌ പോകാറില്ലെന്ന്‌ വിജി പറഞ്ഞു.
ഇറച്ചി തന്ന
മുത്തലീബ്‌

എല്ലാ ഞായറാഴ്‌ചയും വിജി ഇറച്ചി വാങ്ങാനെത്തുന്നത്‌ ചെറുതുരുത്തിയിലെ കോഴിക്കടക്കാരനായ മുത്തലീബ്‌ ശ്രദ്ധിച്ചു. മൂന്നുപേരുള്ള വീട്ടിലേക്ക്‌ ഏഴും എട്ടും കിലോ ഇറച്ചി വാങ്ങുന്നതായിരുന്നു കാരണം. വിവരം തിരക്കിയ മുത്തലീബിനോട്‌ പാലത്തിനടിയില്‍ ചോറും കറിയും വിളമ്പുന്ന കാര്യം വിജി പറഞ്ഞു. കാരുണ്യത്തിന്റെ മനസറിഞ്ഞ മുത്തലീബ്‌ അന്ന്‌ എട്ടുകിലോ ഇറച്ചിയും സൗജന്യമായി നല്‍കി. അത്‌ തന്റെ വകയായി കണക്കാക്കാനും പറഞ്ഞു. പിന്നീട്‌ ഇറച്ചി വില പകുതിയോളം കുറച്ചാണ്‌ ഈടാക്കാറുള്ളതെന്ന്‌ വിജി പറഞ്ഞു.
ആദ്യം ഊട്ടിയത്‌
17 പേരെ

വയറുനിറച്ച്‌ ചോറും കോഴിക്കറിയുമാണ്‌ വിജി വച്ചുവിളമ്പുന്നത്‌. ആദ്യദിവസം കഴിക്കാനെത്തിയത്‌ 17 പേര്‍. അന്ന്‌ അഞ്ചുകിലോ അരിയും അത്രയും ഇറച്ചിയുമാണ്‌ വാങ്ങിയത്‌. ഇപ്പോള്‍ 70 പേര്‍വരെ കഴിക്കാന്‍ എത്താറുണ്ടെന്ന്‌ വിജി സാക്ഷ്യപ്പെടുത്തുന്നു. ആദ്യനാലുമാസം കൂലിപ്പണി ചെയ്‌ത് സമ്പാദിച്ച കാശുകൊണ്ടാണ്‌ അരിയും സാധനങ്ങളും വാങ്ങിയത്‌. ഇപ്പോഴും പണിക്കുപോകുന്നുണ്ടെങ്കിലും ഞായറാഴ്‌ച ചോറും കറിയും വിളമ്പാന്‍ പ്രയാസപ്പെടേണ്ടിവരാറില്ല. വിജിയുടെ സന്മനസ്‌ അറിഞ്ഞെത്തുന്നവരെല്ലാം സഹായിക്കുന്നു. എല്ലാമാസവും ആദ്യ ഞായറാഴ്‌ച വിളമ്പാനുള്ള വിഹിതം എത്തുന്നത്‌ ലണ്ടനില്‍ നിന്നാണ്‌. അവിടത്തെ അമ്മ എന്ന സംഘടനയാണ്‌ പണം എത്തിക്കുന്നത്‌.
എല്ലാമാസവും മുടങ്ങാതെ പണം അയയ്‌ക്കുന്ന മാള സ്വദേശി സോമന്‍, സന്ദര്‍ശിക്കുമ്പോഴൊക്കെ പണം നല്‍കുന്ന ചെര്‍പ്പുളശ്ശേരിയിലെ വൈശാഖ്‌ തുടങ്ങി സഹായ ഹസ്‌തങ്ങള്‍ നിരവധിയാണ്‌. കഴിഞ്ഞ ജൂണ്‍ 25-ന്‌ ഈദുല്‍ ഫിത്തര്‍ ദിനത്തില്‍ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്തുനിന്നും ഒരാള്‍ ആവശ്യപ്പെട്ടതുപ്രകാരം ബിരിയാണിയാണ്‌ നല്‍കിയത്‌. 110 പേരാണ്‌ അന്ന്‌ കഴിക്കാനെത്തിയത്‌. ബിരിയാണി ഉണ്ടാക്കാനറിയാത്തതിനാല്‍ ഒരാളെ കൂലിനല്‍കി വിളിച്ചു. പാലത്തിനടിയില്‍ വെറുതെ കല്ലുകൂട്ടി ഉണ്ടാക്കിയ അടുപ്പില്‍ വാടകയ്‌ക്ക് എടുത്ത പാത്രങ്ങളിലാണ്‌ ആദ്യം ചോറും കറിയും വെച്ചത്‌. രണ്ടാഴ്‌ച വാടക പാത്രങ്ങളെ ആശ്രയിച്ചു.
മൂന്നാമത്തെ ആഴ്‌ചയാവുമ്പോഴേക്കും 3500 രൂപയുടെ പാത്രങ്ങള്‍ വാങ്ങി. ആഴ്‌ചയ്‌ക്ക് 500 രൂപ അടവ്‌ എന്ന വ്യവസ്‌ഥയിലാണ്‌ പാത്രങ്ങള്‍ വാങ്ങിയത്‌. വിയര്‍പ്പൊഴുക്കി നേടിയ പണംകൊണ്ട്‌ ചോറൂറ്റുന്ന ഒരു കൊട്ടയാണ്‌ ആദ്യം സ്വന്തമായി വാങ്ങിയതെന്ന്‌ വിജി പറഞ്ഞു. അതിപ്പോഴും പാലത്തിനടിയിലെ തുറന്ന അടുക്കളയിലുണ്ട്‌.മകന്‍ ദുബായില്‍ പോയതിനുശേഷം അയച്ച പണത്തില്‍ നിന്നും വിഹിതമെടുത്ത്‌ വലിയ പാത്രങ്ങള്‍ വാങ്ങി. ഇപ്പോള്‍ 25 കിലോ അരിവയ്‌ക്കാവുന്ന പാത്രങ്ങളും മറ്റും വിജിയുടെ കൈവശമുണ്ട്‌. പണം നല്‍കി വാങ്ങിയ പാത്രങ്ങള്‍ക്കിടയിലും ചിലര്‍ മനസറിഞ്ഞു തന്ന പാത്രങ്ങള്‍ എടുത്തുകാട്ടാനും വിജി മറന്നില്ല. കല്ലുകള്‍ കൂട്ടിവച്ചു തയ്യാറാക്കിയ അടുപ്പും മാറ്റി. സിമന്റുപൂശി നല്ല അടുപ്പുകള്‍ കെട്ടിയൊരുക്കിയത്‌ അഞ്ചുമാസം മുമ്പാണ്‌.
പാലത്തിനടിയില്‍ പാത്രങ്ങളൊന്നും സൂക്ഷിക്കാനുള്ള സൗകര്യമില്ല. അതുകൊണ്ട്‌ ചോറുകൊടുത്തു കഴിഞ്ഞാല്‍ എല്ലാം കഴുകി വൃത്തിയാക്കി ഷൊര്‍ണൂരിലെ ഒരു വീട്ടിലാണ്‌ സൂക്ഷിക്കുന്നത്‌. കൃഷ്‌ണന്‍നായര്‍ സ്‌റ്റുഡിയോ നടത്തുന്നവരുടെ വീട്ടിലാണ്‌ അതിനുള്ള സൗകര്യം ലഭിച്ചത്‌. മക്കളും ബന്ധുക്കളുമെല്ലാം തികഞ്ഞ പ്രോത്സാഹനവുമായി പിന്നിലുള്ളതാണ്‌ വിജിയുടെ ബലം.
ഒരാള്‍പോലും ഇന്നുവരെയും എതിര്‍പ്പുപറഞ്ഞിട്ടില്ല. ചെയ്യുന്നത്‌ വലിയ കാര്യമാണോ എന്നൊന്നും ചിന്തിക്കുന്നില്ലെങ്കിലും മരണംവരെ ഇങ്ങനെ അന്നം ഊട്ടാന്‍ കഴിയണമെന്ന വലിയ മനസാണ്‌ വിജി പങ്കുവയ്‌ക്കുന്നത്‌.

എന്‍. രമേഷ്‌

Ads by Google
Sunday 09 Jul 2017 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW