Monday, October 22, 2018 Last Updated 7 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 24 May 2017 03.43 PM

ശൈത്യം കഴിഞ്ഞു ഇനി വസന്തം...

uploads/news/2017/05/111525/nirmalathomasINW.jpg

മലയാള സാഹിത്യത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രവാസി എഴുത്തുകാരി. ഒരു അതിര്‍ത്തികള്‍ക്കുള്ളിലുമല്ല നിര്‍മ്മലയുടെ കഥകളും കഥാപാത്രങ്ങളും. അതിരുകളില്ലാത്ത സാഹിത്യ ലോകത്തിലെ, നിര്‍മലാ തോമസിന്റെ ജീവിതം...

സാഹിത്യം പഠിച്ചവര്‍ എല്ലാവരും എഴുത്തുകാരാകുന്നില്ല. എല്ലാ എഴുത്തുകാരും സാഹിത്യം പഠിച്ചവരാകണമെന്നുമില്ല. ഐ.ടി. മേഖലയിലെ ജോലിയോടൊപ്പം അക്ഷരങ്ങള്‍ക്കും മനസ്സില്‍ സ്ഥാനം ഒരു നല്‍കിയ എറണാകുളം കളമശേരിക്കാരി നിര്‍മലാ തോമസിന്റെ കൈകള്‍, കാനഡയിലെ എല്ലു തുളച്ചു കയറുന്ന തണുപ്പിലും മരവിക്കാറില്ല.

ഇടവേളയ്ക്കു ശേഷം വീണ്ടും സാഹിത്യത്തിലേക്ക് കടക്കുയാണ് നിര്‍മല. കുടുംബമായി കാനഡയില്‍ ജീവിക്കുന്ന നിര്‍മ്മലയുടെ സാഹിത്യ, ജീവിത വിശേഷങ്ങള്‍..

ഇടവേളയ്ക്കു ശേഷം വീണ്ടും അക്ഷര ലോകത്തേക്ക് ?


ബാല പംക്തികളില്‍ കഥകള്‍ അച്ചടിച്ച് വന്നപ്പോള്‍ എഴുത്തുമായി മുന്നോട്ട് പോകണമെന്നായിരുന്നു മനസ്സിലുണ്ടായിരുന്നത്. പക്ഷേ പഠനശേഷം കാനഡയിലേക്ക് പറക്കുകയായിരുന്നു.

പഠനത്തോടൊപ്പം ജോലിയും നേടാനുള്ള ശ്രമത്തില്‍ എഴുത്തും വായനയും കുറഞ്ഞു. കാനഡയിലെത്തി ആദ്യ വര്‍ഷം ഒരക്ഷരം പോലും എഴുതാനും വായിക്കാനും കഴിഞ്ഞില്ല. പ്രിയപ്പെട്ട എഴുത്തും വായനയും മറന്നു പോകുമോ എന്നു പോലും ഭയപ്പെട്ട സമയം.

പിന്നെ ഒഴിവു സമയം എനിക്ക് ജീവന്‍ തിരിച്ചു കിട്ടിയപോലെയായിരുന്നു. അങ്ങനെ വീണ്ടും എഴുതാന്‍ തുടങ്ങി. ഇപ്പോള്‍ എഴുതാനും വായിക്കാനും സമയം കണ്ടെത്തേണ്ട കാര്യമില്ല. സ്വന്തമായി വരുമാനം കിട്ടിത്തുടങ്ങിയപ്പോള്‍ മനസ് ഇഷ്ടങ്ങളെ പതിയെ തിരികെ വിളിച്ചു.

കഥയും കവിതയും മലയാള പ്രസിദ്ധീകരങ്ങള്‍ എന്നെ തേടി കാനഡയിലേക്ക വന്നു തുടങ്ങി. രണ്ടാഴ്ച, മൂന്നാഴ്ച അല്ലെങ്കില്‍ അതില്‍ കൂടുതലെടുത്തു അത് ഇവിടെയെത്താന്‍.

ചിലതൊക്കെ കിട്ടാതിരുന്നിട്ടുമുണ്ട്. ഓണ്‍ലൈനും ഇ മെയിലുമില്ലാത്ത എണ്‍പതുകളില്‍ എനിക്കായി പുസ്തകങ്ങള്‍ കടല്‍ കടന്നു വന്നത് കൂടുതല്‍ ഉന്മേഷമാണ് എനിക്ക്തന്നത്.

മറുനാട്ടിലെ മലയാളി എഴുത്തുകാരി എന്ന നിലയില്‍ ?


ഇവിടെ വായന ശീലമാക്കിയവര്‍ക്കിടയി ല്‍ അറിയപ്പെടുന്നുണ്ടാകും. മലയാള എഴുത്തുകാരി എന്ന നിലയില്‍ ഒരുപാട് പരിമിതികളുണ്ടിവിടെ. കേരളത്തില്‍ ആയിരുന്നെങ്കില്‍ കുറച്ചുകൂടി അറിയപ്പെട്ടേനെ. എങ്കിലും ഇവിടെ സാഹിത്യപരിപാടികളില്‍ സജീവപങ്കാളിയാണ്.

കഴിഞ്ഞ മാസം ഞാന്‍ നാട്ടിലുണ്ടായിരുന്നു. കോഴിക്കോട് സാഹിത്യോത്സവത്തിലും പങ്കെടുത്തു. എഴുത്തുകാരി മാനസിയും മുംബൈയില്‍ നിന്നു കൂട്ടിനെത്തി.

നാലുദിവസം സജീവമായി കേരളത്തിന്റെ സാഹിത്യലോകവുമായി സൗഹൃദം പുതുക്കലും നടന്നു. എം. മുകുന്ദന്‍ എന്ന വലിയ എഴുത്തുകാരനുമായി സംസാരിക്കാന്‍ കഴിഞ്ഞതൊക്കെ മഹാഭാഗ്യം.

uploads/news/2017/05/111525/nirmalathomasINWa.jpg

അമേരിക്കയിലെയും കാനഡയിലേയും പുതുതലമുറയ്ക്ക് മലയാളമറിയാമോ?


രണ്ടാംതലമുറയ്ക്ക് മലയാളം വായിക്കാന്‍ അറിയില്ല. നാടു വിടേണ്ടിവന്ന വേദന ഉള്ളിലൊതുക്കി ഡോളര്‍ വാരിക്കൂട്ടാന്‍ ശ്രമിക്കുന്ന ജീവിതങ്ങളെയാണ് പാമ്പും കോണിയും വരച്ചുകാട്ടുന്നത്. അമേരിക്കന്‍ കുടിയേറ്റമെന്നാല്‍ അത് നഴ്‌സുമാരുടെ ചരിത്രമാണ്.

കോടികള്‍ സമ്പാദിക്കുമ്പോഴും തങ്ങളുടേതായ ജീവിതം കൈമോശം വന്നവര്‍. ആ മരവിപ്പും പേറിയാണ് ഓരോ കഥാപാത്രവും നീങ്ങുന്നത്. ഇത് മലയാളിയുടെ മാത്രം കഥയല്ല.

മറ്റിടങ്ങളില്‍ നിന്നൊക്കെ ചേക്കേറിയവരുടെയൊക്കെ മോഹവും മോഹഭംഗവും കയറ്റിറക്കങ്ങളിലൂടെ കടന്നുപോകുന്നുണ്ടതില്‍. അതുകൊണ്ട് തന്നെ പുതുതലമുറകള്‍ക്കുവേണ്ടി അതിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം ഞാനാഗ്രഹിക്കുന്നുണ്ട്.

കുടുംബം..ജോലി... എഴുത്ത്..?


കാനഡയിലെ ജോലിക്കിടയില്‍ 2001 മുതലാണ് വീണ്ടും എഴുതാന്‍ തുടങ്ങിയത്. മലയാളം ആനുകാലികങ്ങളിലായിരുന്നു ആദ്യകാലത്ത് പ്രസിദ്ധീകരിച്ചിരുന്നത്. പിന്നെ ആദ്യത്തെ പത്ത്, സ്‌ട്രോബറികള്‍ പൂക്കുമ്പോള്‍, നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി, മഞ്ഞമോരും ചുവന്നമീനും തുടങ്ങി കുറേ കഥാസമാഹാരങ്ങളിറങ്ങി.

നയാഗ്രയ്ക്കും ടൊറന്റോ നഗരത്തിനും ഇടയ്ക്കുള്ള ഹാമില്‍ടണില്‍ ഭര്‍ത്താവ് ചെറിയാന്‍ തോമസും മക്കളായ കിരണിനും ഡെവനുമൊപ്പമുള്ള താമസം എല്ലാത്തിനും കൂടുതല്‍ ശക്തി തരുന്നുണ്ട്. ഒന്നിനു വേണ്ടിയും ഒന്നിനെയും മാറ്റി നിര്‍ത്തേണ്ട ആവശ്യമുണ്ടായിട്ടില്ല.

തകഴി പുരസ്‌കാരം (സുജാതയുടെ വീട്) പോഞ്ഞിക്കര റാഫി അവാര്‍ഡ് (ആദ്യത്തെ പത്ത് ) അങ്കണം സാഹിത്യ അവാര്‍ഡ് (മേപ്പിളിലയില്‍ പതിഞ്ഞുപോയ നക്ഷത്രങ്ങള്‍) തുടങ്ങിയ അംഗീകാരങ്ങള്‍ അതിനു തെളിവാണ്.

പുതിയ കഥകള്‍ ?


ഡി.സി. സാഹിത്യോത്സവത്തില്‍ പ്രസിദ്ധീകരിച്ച പാമ്പും കോണിയും എന്ന നോവല്‍ അമേരിക്കന്‍ കുടിയേറ്റത്തിന്റെ ആണിക്കല്ലായ ആദിമ നഴ്‌സുമാരുടെ കഥയാണ്. സ്വന്തം ജീവിതം ഭദ്രമാക്കാനുള്ള തത്രപ്പാടുകള്‍, ഒപ്പം പ്രവാസിയുടെ വിയര്‍പ്പ് പൊടിഞ്ഞിടത്ത് കേരളം സാമ്പത്തികഭദ്രത നേടിയതിന്റെ ചരിത്രവും.

അമേരിക്കന്‍ ജീവിതാനുഭവങ്ങളുടെ കയ്പും മധുരവും നിറച്ച പാമ്പും കോണിയുമിന്റെ തുടര്‍ച്ചയായിട്ട് ഒരു നോവല്‍ എഴുതിക്കൊണ്ടിരിക്കുന്നു. കടമകളും കടപ്പാടുകളുമില്ലാതെ സുഖജീവിതം മാത്രം കാംക്ഷിച്ച് നീങ്ങുന്ന ഇപ്പോഴത്തെ തലമുറകളുടെ കഥ. ഇതില്‍ നഴ്‌സുമാരില്ല.

അമേരിക്കയില്‍ എം.എസ്. ചെയ്യാനെത്തുന്ന യുവ എന്‍ജിനീയറിലൂടെ നവതലമുറയുടെ ചടുല വേഗങ്ങള്‍ നിറച്ച അമേരിക്കന്‍ ജീവിതമാണ് പറയാന്‍ ശ്രമിക്കുന്നത്. താളങ്ങളും താളപ്പിഴകളും എന്നൊരു നോവലും തുടങ്ങിയിട്ടുണ്ട്.

uploads/news/2017/05/111525/nirmalathomasINWb.jpg

കേരളത്തിലായിരിക്കാന്‍ ആഗ്രഹമുണ്ടോ...?


തീര്‍ച്ചയായും... പക്ഷേ, സാഹചര്യങ്ങള്‍ അതിനനുവദിക്കുന്നില്ല. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും നാട്ടിലെത്താന്‍ ശ്രമിക്കുന്നുണ്ട്. 30 വര്‍ഷമായി കാനഡയിലാണെങ്കിലും സ്വപ്നങ്ങളിലും പ്രതീക്ഷകളിലും സൂക്ഷിക്കുന്നത് കേരളത്തെയാണ്, വരസിദ്ധിയായി എന്നില്‍ കുടികൊള്ളുന്ന എഴുത്തിനെയാണ്.

കണ്ണുംനട്ട് കാത്തിരുന്ന് കൈയിലെത്തുന്ന ആ പ്രസിദ്ധീകരണങ്ങളായിരുന്നു അന്ന് ഏറ്റവും വലിയ സന്തോഷം! ഇത്ര കാലത്തിനുശേഷവും ആ പതിവ് തുടരുന്നു.

75 രൂപയുടെ സ്റ്റാമ്പ് പതിഞ്ഞ് കാനഡയിലെത്തുന്ന ആ അക്ഷരക്കൂടുകള്‍ നിറയെ ഹൃദയാകാശത്തേയ്ക്ക് പറന്നിറങ്ങുന്ന എഴുത്തിന്റെ കനല്‍പ്പക്ഷികളായിരുന്നു. അതിന്റെ ചിറകുകളില്‍ പറന്ന് വീണ്ടും എഴുതാന്‍ തുടങ്ങി.

ശൈത്യം മാറാന്‍ കാത്തുനില്‍ക്കുകയാണ് ഓരോ മരവും. സൂര്യകിരണങ്ങള്‍ വാരിപ്പുതച്ച് തളിരണിയാന്‍ വെമ്പല്‍പൂണ്ട നില്‍പ്പ്. എഴുതാനുള്ള ആഗ്രഹങ്ങളാണ് നിര്‍മലയുടെ ഉള്ളിലും ഉറഞ്ഞുകിടക്കുന്നത്.

വൈകാതെ വസന്തം വിരുന്നെത്തുമെന്നതുപോലെ പുതിയ നോവലുമായി നിര്‍മലയും വരും. വായനയുടെ വസന്തച്ചാര്‍ത്തിന്...

ആന്‍സി സാജന്‍

Ads by Google
Wednesday 24 May 2017 03.43 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW